ആകെയുള്ള വീടാണിത്, സമ്പാദ്യം 2500 പുസ്തകം, എല്ലാം ചാമ്പലാക്കി: റനിൽ
Mail This Article
കൊളംബോ ∙ ഒരു നേതാവിന്റെ തെറ്റിദ്ധാരണ പരത്തിയ ട്വീറ്റാണ് തന്റെ വസതി അക്രമികൾ അഗ്നിക്കിരയാക്കാൻ കാരണമായതെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ഹിറ്റ്ലറുടെ മനോഭാവവുമായി വന്ന അക്രമികളാണ് വീടാക്രമിച്ചതെന്നും വികാരഭരിതമായ പ്രസംഗത്തിൽ റനിൽ വ്യക്തമാക്കി.
‘‘ഞാൻ രാജിവയ്ക്കാൻ വിമുഖനാണെന്നും സർവകക്ഷി സർക്കാർ രൂപവൽക്കരിക്കുന്നതിനെതിരാണെന്നുമായിരുന്നു ട്വീറ്റ്. ഒരു ടിവി ചാനൽ എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിച്ച് ആളുകളെ കൂട്ടി. ശനിയാഴ്ച വൈകിട്ടു വരെ ഞാനും ഭാര്യ മൈത്രിയും വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് പൊലീസെത്തി മാറാൻ പറഞ്ഞത്.
എനിക്ക് ആകെയുള്ള വീടാണിത്. വിദേശത്ത് വീടുകളുള്ള രാഷ്ട്രീയ നേതാവല്ല ഞാൻ. വീട്ടിലുണ്ടായിരുന്ന 2500 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് എന്റെ സമ്പാദ്യം. ഞങ്ങൾ അതൊരു കോളജിന് കൈമാറാനിരുന്നതാണ്. 200 വർഷം പഴക്കമുള്ള പെയിന്റിങ്ങുകളുണ്ടായിരുന്നു. എല്ലാം ചാമ്പലാക്കി. രാജ്യം ഒരു പ്രതിസന്ധിയലകപ്പെട്ടപ്പോൾ പലരും നിർബന്ധിച്ചിട്ടാണ് ദുർഘട ഘട്ടത്തിൽ പ്രധാനമന്ത്രി പദമേറ്റെടുത്തത്.
ഐഎംഎഫ് സഹായം ലഭിച്ചാലും സുസ്ഥിരത കൈവരിക്കണമെങ്കിൽ 3 വർഷമെങ്കിലുമെടുക്കും. ഏതാനും ദിവസങ്ങൾ കൊണ്ട് ആർക്കും ഒരു മാജിക്കും കാണിക്കാനാകില്ല’’– സ്ഥാനം രാജിവയ്ക്കുന്നതിന് മുന്നോടിയായി റനിൽ പറഞ്ഞു.
അധികാരമൊഴിയുന്നതിന്റെ തലേന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ഭിന്നതയും കൂടുതൽ വെളിപ്പെട്ടു. ഗോട്ടബയ സ്ഥാനമൊഴിയുമെന്ന് റനിൽ അറിയിച്ചതു സംബന്ധിച്ചായിരുന്നു തർക്കം. മന്ത്രിമാർ രാജിക്കത്ത് നൽകേണ്ടത് പ്രധാനമന്ത്രിക്കല്ലെന്നും പ്രസിഡന്റിനാണെന്നും ഗോട്ടബയയുടെ ഓഫിസ് അറിയിച്ചത് സ്വരച്ചേർച്ചയില്ലായ്മയുടെ തെളിവായി.
English Summary: Ranil Wickremesinghe statement