അബെയ്ക്ക് കണ്ണീർ വിട; അന്ത്യാഭിവാദ്യം അർപ്പിച്ച് ജപ്പാൻ ജനത
Mail This Article
ടോക്കിയോ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്ക് ജപ്പാൻ ജനത അവസാന യാത്രയയപ്പ് നൽകി. അബെയുടെ മൃതദേഹ പേടകം വഹിച്ച വാഹനം ടോക്കിയോ നഗരവീഥിയിലൂടെ സൊജോജി ക്ഷേത്രത്തിലേക്കു നീങ്ങിയപ്പോൾ ജനം കറുത്ത വസ്ത്രമണിഞ്ഞ് പാതയ്ക്ക് ഇരുവശവും നിന്ന് അന്ത്യാഭിവാദ്യം നൽകി. പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഉൾപ്പെടെ ആയിരത്തോളം പേർ ക്ഷേത്രത്തിലെ സംസ്കാരകർമങ്ങളിൽ പങ്കെടുത്തു.
പടിഞ്ഞാറൻ നഗരമായ നരയിൽ പ്രചാരണ പ്രസംഗത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബെ വെടിയേറ്റു മരിച്ചത്. സംഭവസ്ഥലത്ത് അറസ്റ്റിലായ അക്രമി തെത്‍സ്യു യമഗാമി പൊലീസ് കസ്റ്റഡിയിലാണ്.
യമഗാമിയുടെ അമ്മ അംഗമായിരുന്ന യൂണിഫിക്കേഷൻ ചർച്ചുമായി അബെയ്ക്കു ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഘടനയ്ക്ക് സംഭാവന നൽകി കുടുംബത്തെ പാപ്പരാക്കിയതിൽ അമ്മയോടും സംഘടനയോടുമുള്ള രോഷം അക്രമി തീർത്തതാണെന്നും പറയുന്നു. അബെയുടെ അമ്മ ഈ സംഘടനയിൽ അംഗമായിരുന്നെങ്കിലും അബെ അംഗമായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.
English Summary: Shinzo Abe funeral