ഗോട്ടബയയുടെ രാജി ഇന്ന്; രാജ്യം വിടാനെത്തിയ ബേസിൽ രാജപക്സെയെ തടഞ്ഞു
Mail This Article
കൊളംബോ ∙ രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയ മുൻ ധനമന്ത്രി ബേസിൽ രാജപക്സെയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു മടക്കി അയച്ചു. ഒളിവിൽ കഴിയുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ഇന്ന് സ്പീക്കർ മഹിന്ദ അബെവർധന പ്രഖ്യാപിക്കാനിരിക്കെയാണു മുൻധനമന്ത്രി നാടുവിടാൻ ശ്രമിച്ചത്. ഗോട്ടബയയുടെ ഇളയ സഹോദരനാണ്. യുഎസ് പാസ്പോർട്ടുള്ള ബേസിൽ എമിറേറ്റ്സ് വിമാനത്തിൽ ദുബായിക്കു പറക്കാനായി എത്തിയപ്പോഴാണു വിഐപി ക്ലിയറൻസ് ലൈനിൽ ഉദ്യോഗസ്ഥർ തടഞ്ഞത്.
രാജ്യത്തെ പ്രതിസന്ധി കണക്കിലെടുത്തു വിഐപി ടെർമിനൽ സേവനം നിർത്തിവച്ചതായി ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ ഓഫിസേഴ്സ് അസോസിയേഷൻ പിന്നീടു വ്യക്തമാക്കി. അഴിമതിക്കാർ രാജ്യം വിടുന്നതു തടയാനാണിതെന്നാണു വിശദീകരണം. ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ഏപ്രിൽ ആദ്യമാണു ബേസിൽ ധനമന്ത്രിസ്ഥാനം രാജിവച്ചത്. ജൂണിൽ പാർലമെന്റ് അംഗത്വവും ഒഴിഞ്ഞു.
അതേസമയം, പ്രസിഡന്റിന്റെ കൊട്ടാരത്തിലെ 3 പ്രധാന സമുച്ചയത്തിലും പ്രക്ഷോഭകരുടെ ഉപരോധം തുടരുകയാണ്. പാചകവാതക വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷൻ പുനരാരംഭിച്ചു. പമ്പുകളിൽ നീണ്ട നിര ഇപ്പോഴുമുണ്ട്. ഇന്ധന, ഭക്ഷ്യക്ഷാമം രൂക്ഷമായ രാജ്യത്തു സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ബസ്, ട്രെയിൻ ഗതാഗതവും പരിമിതമായി.
മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്ജെബി) യുടെ നേതാവ് സജിത് പ്രേമദാസയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കങ്ങളും സജീവമായി. ഈ മാസം 20 നു പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
അതിനിടെ, വ്യോമസേന ചീഫ് എയർമാർഷൽ സുദർശന പതിരാനയുടെ സ്വകാര്യ വസതിയിലാണു ഗോട്ടബയ രാജപക്സെ താമസിക്കുന്നതെന്ന റിപ്പോർട്ട് ശ്രീലങ്ക വ്യോമസേന നിഷേധിച്ചു. ദുബായിക്കു പറക്കാനായി ഗോട്ടബയയും വിമാനത്താവളത്തിലെത്തിയിരുന്നുവെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് ഈ വാർത്ത പ്രചരിച്ചത്.
സഹോദരനെ ഉദ്യോഗസ്ഥർ തടഞ്ഞു മടക്കി അയച്ചതോടെ, ഗോട്ടബയ വിമാനത്താവളത്തിനു സമീപമുള്ള എയർഫോഴ്സ് കേന്ദ്രത്തിലാണ് അഭയം തേടിയതെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇക്കാര്യം സുദർശന പതിരാനയും നിഷേധിച്ചു. പ്രസിഡന്റ് രാജ്യം വിട്ടുപോയിട്ടില്ലെന്നു സ്പീക്കറുടെ ഓഫിസ് ആവർത്തിച്ചു. ഇന്നത്തെ തീയതി വച്ച് തിങ്കളാഴ്ച ഒപ്പിട്ട ഗോട്ടബയയുടെ രാജിക്കത്ത് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വഴി സ്പീക്കറുടെ കയ്യിലെത്തുമെന്നാണു റിപ്പോർട്ട്.
English Summary: Lanka ex minister Basil Rajapaksa tried to flee, flyers objected: Sources