അൽ ഖായിദ മേധാവി സവാഹിരിയെ യുഎസ് വധിച്ചു; 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
Mail This Article
വാഷിങ്ടൻ ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ (71) ഞായറാഴ്ച രാവിലെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒളിത്താവളത്തിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സവാഹിരി വീടിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് യുഎസ് ചാരസംഘടനയായ സിഐഎ ഡ്രോൺ ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തിയത്. വർഷങ്ങളായി അമേരിക്കയെയും അമേരിക്കക്കാരെയും ദ്രോഹിച്ചുവരുന്ന ഭീകരനേതാവിനെ വകവരുത്തി നീതി നടപ്പാക്കിയെന്ന് ബൈഡൻ പറഞ്ഞു.
ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും ഉൾപ്പെടെ 2001 സെപ്റ്റംബർ 11 നു നടന്ന ഭീകരാക്രമണത്തിന് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനൊപ്പം മേൽനോട്ടം വഹിച്ചതു സവാഹിരിയായിരുന്നു. ലാദനെ 2011 ൽ പാക്കിസ്ഥാനിലെ ഒളിത്താവളത്തിലെത്തി യുഎസ് വധിച്ചതിനു ശേഷം സംഘടനയുടെ മേധാവിയായി. ഡോക്ടറായ സവാഹിരി ഈജിപ്ത് സ്വദേശിയാണ്.
മൂവായിരത്തോളം പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്ന് അഫ്ഗാനിൽ കടന്നുകയറിയ യുഎസ് സേന കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു പിന്മാറിയത്. തുടർന്ന് അധികാരം തിരിച്ചുപിടിച്ച താലിബാൻ ദോഹ ഉച്ചകോടിയിൽ നൽകിയ ഉറപ്പു ലംഘിച്ചാണ് സവാഹിരിക്കു കാബൂളിൽ അഭയം നൽകിവന്നിരുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കുറ്റപ്പെടുത്തി.
English Summary: Joe Biden says US killed Al-Qaeda chief al-Zawahiri in Afghanistan