ADVERTISEMENT

വാഷിങ്ടൻ ∙ ഈജിപ്തിൽ നിന്നുള്ള നേത്രശസ്ത്രക്രിയാ വിദഗ്ധൻ അയ്മൻ അൽ സവാഹിരിയെ വലംകയ്യാക്കുമ്പോൾ ഉസാമ ബിൻ ലാദനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു: യുഎസിന്റെ കണ്ണു ചൂഴ്ന്നെടുക്കുക. 2001 സെപ്റ്റംബർ 11 ന് ന‌ടത്തിയ ആക്രമണങ്ങളിലൂടെ ലോകത്തെത്തന്നെ ഞെട്ടിച്ച് ഉസാമ ആ ലക്ഷ്യം നേടി. സങ്കടവും രോഷവും പ്രതികാരദാഹവും വിദഗ്ധമായി നിയന്ത്രിച്ച് യുഎസ് നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയുണ്ടാക്കി.

അതിൽ, ഉസാമയ്ക്കു തൊട്ടുതൊഴെ സവാഹിരി രണ്ടാമനായി. രണ്ടരക്കോടി ഡോളർ തലയ്ക്കു വിലയിട്ടു. അന്നു തുടങ്ങിയ വേട്ടയ്ക്കാണ് കാബൂളിലെ ഷേർപുരിലുള്ള ആഡംബര വീടിന്റെ മട്ടുപ്പാവിൽ ഞായറാഴ്ച രാവിലെ അവസാനമായത്. ആക്രമണത്തിൽ സവാഹിരി മാത്രമേ കൊല്ലപ്പെട്ടുള്ളൂ. കുടുംബാംഗങ്ങൾക്കു പരുക്കില്ലെന്നാണ് യുഎസ് അറിയിച്ചത്. എന്നാൽ, 16 വർഷം മുൻപ്, 2006 ജനുവരിയിൽ, പാക്ക്– അഫ്ഗാൻ അതിർ‌ത്തിയി‌ൽ സവാഹിരിയെ ലക്ഷ്യമിട്ടു നടത്തിയ മിസൈലാക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടിരുന്നു. 

കുടുംബമഹിമയിൽ മുന്നിൽ

ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ഡോക്ടർമാരും പണ്ഡിതശ്രേഷ്ഠരും ഉൾപ്പെട്ട പ്രബല കുടുംബത്തിൽ 1951 ജൂൺ 19നാണു സവാഹിരിയുടെ ജനനം. മധ്യപൂർവദേശത്തെ സുപ്രധാന സുന്നി ഇസ്‌ലാമിക പഠനകേന്ദ്രമായ അൽ അസറിന്റെ മുഖ്യ ഇമാമായിരുന്നു മുത്തച്ഛൻ റബിയ അൽ സവാഹിരി. അറബ് ലീഗ് സെക്രട്ടറി ജനറൽ പദവി വഹിച്ച ഉറ്റബന്ധു അടക്കം കുടുംബത്തിൽ പ്രമുഖർ ഏറെ. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിൽ ചേർന്നു പ്രവർത്തിച്ചതിന് 15–ാം വയസ്സിൽ അറസ്റ്റിലായതിൽ തുടങ്ങുന്നു രാഷ്ട്രീയ ആക്ടിവിസം. പക്ഷേ, പഠനം മുടക്കിയില്ല.

കയ്റോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു പിതാവ് മുഹമ്മദ്. ഇതേ സർവകലാശാലയിൽ മെഡിസിൻ പഠിച്ച് 1974 ൽ ബിരുദവും 1978 ൽ സർജറിയിൽ ബിരുദാനന്തരബിരുദവുമെടുത്ത സവാഹിരി ഒരു ക്ലിനിക്കും തുടങ്ങിയിരുന്നു. ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിന്റെ വധവുമായി ബന്ധപ്പെട്ട് 1981 ൽ അറസ്റ്റിലായി. 

ജയിലിൽനിന്ന് പുതിയ സവാഹിരി

സവാഹിരി താമസിച്ച വീടിന്റേതെന്നു കരുതുന്ന ചിത്രം. ടിറ്ററിൽ ഷെയർ ചെയ്യപ്പെട്ടത്. കടപ്പാട് – twitter.com/aarash_afg
സവാഹിരി താമസിച്ച വീടിന്റേതെന്നു കരുതുന്ന ചിത്രം. ടിറ്ററിൽ ഷെയർ ചെയ്യപ്പെട്ടത്. കടപ്പാട് – twitter.com/aarash_afg

കൊലക്കുറ്റത്തിൽനിന്ന് ഒഴിവായെങ്കിലും ആയുധം കയ്യിൽവച്ചതിന് 3 വർഷം ജയിൽവാസം അനുഭവിച്ചു. 1985 ൽ പുറത്തിറങ്ങിയ സവാഹിരി തീവ്രനിലപാടുകൾക്കു മൂർച്ച കൂട്ടി സൗദിയിലേക്കാണു പോയത്. പിന്നെ പാക്കിസ്ഥാ‍നിലും അഫ്ഗാനിസ്ഥാനിലുമെത്തി. സോവിയറ്റ് അധിനിവേശത്തിന്റെ നാളുകളിൽ പോരാളികളെ ശുശ്രൂഷിച്ചു. 1993 ൽ ഈജിപ്ഷ്യൻ ഇസ്‍ലാമിക് ജിഹാദ് പുനരവതരിച്ചപ്പോൾ അതിന്റെ നേതാവായി. 

ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചും ഭീകരാക്രമണങ്ങൾക്കു ചുക്കാൻ പിടിച്ചും വിലസിയ സവാഹിരി യൂറോപ്പിൽ പലയിടത്തും താമസിച്ചു. വ്യാജ പാസ്പോ‍ർട്ടുമായി ഓസ്ട്രിയയിലും ഇറാഖിലും ഇറാനിലും ഫിലിപ്പീൻസിലും പോയി. വീസയില്ലാതെ പിടിയിലായി 1996 ൽ 6 മാസം റഷ്യയുടെ കസ്റ്റഡിയിലായിരുന്നു. അറബിക് രേഖകൾ പരിഭാഷപ്പെടുത്തുന്നതിൽ പിശകുപറ്റിയതുമൂലം ഇയാൾ ആരാണെന്നു റഷ്യക്കാർക്കു മനസ്സിലായില്ല. പിന്നെ പോയത് അഫ്ഗാനിലെ ജലാലാബാദിലേക്കായിരുന്നു. അവിടെവച്ച് ജീവിതം മാറ്റിമറിക്കാൻ ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു– അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദൻ. പിന്നീടുള്ള ഭീകരാക്രമണങ്ങളെല്ലാം ഇവർ ഒരുമിച്ച് ആസൂത്രണം ചെയ്തവയാണ്. 

English Summary: Life of world's most wanted terrorist Ayman al- Zawahiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com