സവാഹിരിയെ ലക്ഷ്യമിട്ടു കാബൂളിലേക്ക് യുഎസ് ഡ്രോൺ; പാക്ക് ഒത്താശയോടെ
Mail This Article
ഇസ്‌ലാമാബാദ് ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ ലക്ഷ്യമിട്ടു ഞായറാഴ്ച രാവിലെ കാബൂളിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണയുണ്ടെന്ന് റിപ്പോർട്ടുകൾ. പാക്ക് വ്യോമമേഖല ആക്രമണത്തിന് ഉപയോഗിച്ചു. പാക്ക് ഇന്റലിജൻസ് സഹായവും യുഎസിനു ലഭിച്ചെന്ന് അഭ്യൂഹമുണ്ട്. ഡ്രോൺ ആക്രമണത്തിൽ സവാഹിരി കൊല്ലപ്പെട്ടതായി താലിബാൻ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സവാഹിരിയുടെ താമസസ്ഥലം യുഎസിനു കാട്ടിക്കൊടുത്തതു പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. ബാജ്‌വ, ഐഎസ്ഐ തലവൻ ജനറൽ നദീം അഞ്ജും എന്നിവർ അടുത്തിടെ യുഎസ് സന്ദർശിച്ചത് ഈ വാദവുമായി കൂട്ടി വായിക്കപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാൻ വിദേശ ധനസഹായത്തിനായി യുഎസ് ആവശ്യങ്ങൾക്കു വഴങ്ങിയിരിക്കാമെന്നു ചില വിദഗ്ധർ സംശയിക്കുന്നു.
∙ ഡ്രോൺ എങ്ങനെ വന്നു?
കാബൂളിലേക്കുള്ള ഡ്രോണിന്റെ റൂട്ട് ചുരുളഴിയാതെ തുടരുന്നു. ഇക്കാര്യത്തിൽ യുഎസ് ഭരണകൂടം മൗനം പാലിക്കുകയാണ്. ഇറാൻ വ്യോമമേഖല യുഎസിന് ഉപയോഗിക്കാനാവില്ല. കിർഗിസ്ഥാനിലെ മാനസിലുള്ള ഗാൻസി വ്യോമത്താവളത്തിൽനിന്നാണു ഡ്രോൺ പുറപ്പെട്ടതെന്നും സംശയമുണ്ട്. 2014 വരെ യുഎസ് വ്യോമസേനയാണ് ഗാൻസി നിയന്ത്രിച്ചത്.
അന്വേഷിക്കുന്നുവെന്ന് താലിബാൻ
കാബൂൾ ∙ സവാഹിരിയെ വധിച്ചെന്ന യുഎസിന്റെ അവകാശവാദം അന്വേഷിക്കുമെന്ന് താലിബാൻ. സവാഹിരി കാബൂളിലുണ്ടായിരുന്നെന്ന് അറിവില്ലായിരുന്നെന്നും താലിബാൻ വക്താവ് പറഞ്ഞു. യുഎസിനു വിവരം ചോർത്തി നൽകിയത് തങ്ങളുടെ ഇടയിൽ തന്നെയുള്ളയാളാണോയെന്നും താലിബാൻ അന്വേഷിക്കുന്നുണ്ട്.
താലിബാനുള്ളിലെ പ്രബലശക്തിയായ പാക്കിസ്ഥാൻ ആസ്ഥാനമായ ഹഖാനി നെറ്റ്‌വർക്കിനെ എതിർക്കുന്ന, മുല്ല ഒമറിന്റെ മകനും അഫ്ഗാൻ പ്രതിരോധമന്ത്രിയുമായ മുല്ല യാക്കൂബ്, അഫ്ഗാൻ വിദേശകാര്യമന്ത്രി അമിത് മുത്താഖി തുടങ്ങിയവർ സംശയനിഴലിലാണ്. താലിബാൻ ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനി നയിക്കുന്ന ഹഖാനി നെറ്റ്‌വർക്കാണ് സവാഹിരിയെ കാബൂളിൽ എത്തിച്ചതെന്നാണു കരുതപ്പെടുന്നത്.
English Summary: US drone to Afghanistan to kill Ayman al-Zawahiri with support of pakistan