അമ്മമാർക്കും വിവാഹിതകൾക്കും വിശ്വസുന്ദരിയാകാം; നിബന്ധനകളിൽ മാറ്റം
Mail This Article
ന്യൂയോർക്ക് ∙ വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാർക്കും വിവാഹിതകൾക്കും മത്സരിക്കാം. ഇതുവരെ 18നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരെയും കുട്ടികളില്ലാത്തവരെയും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ, മിസ് യൂണിവേഴ്സ് പട്ടം നേടുന്ന കാലയളവിൽ വിവാഹിതയായകരുതെന്നും ഗർഭിണിയാകരുതെന്നും നിബന്ധനയുണ്ട്.
72–ാം വിശ്വസുന്ദരിപ്പട്ടത്തിനായുള്ള അടുത്ത വർഷത്തെ മത്സരം മുതൽ വിവാഹിതർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്വകാര്യ തീരുമാനങ്ങൾ വിജയത്തിനു തടസ്സമാകരുതെന്നു വിശ്വാസത്തിലാണു നിബന്ധനകളിൽ മാറ്റം വരുത്തുന്നതെന്നു സംഘാടകർ വ്യക്തമാക്കി.
പുതിയ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നതായി 2020ൽ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്സിക്കക്കാരി ആൻഡ്രിയ മെസ പറഞ്ഞു. നേതൃസ്ഥാനങ്ങളിലേക്കു വനിതകൾ എത്തുന്ന ഈ കാലയളവിൽ സുന്ദരിപ്പട്ടങ്ങൾ അമ്മമാർക്കും തുറന്നു കൊടുക്കേണ്ട സമയമായെന്നു മെസ പറഞ്ഞു. സുന്ദരിപ്പട്ടം നേടിയതിനു പിന്നാലെ, വിവാഹിതയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും മെസ നിഷേധിച്ചിരുന്നു.
English Summary: Miss Universe beauty pageant to allow married women and mothers