ലോകം സ്നേഹിച്ച രാജകുമാരി; കനലോർമകളുടെ കാൽനൂറ്റാണ്ട്
Mail This Article
ലണ്ടൻ ∙ ബ്രിട്ടന്റെയും ലോകത്തിന്റെയും പ്രിയരാജകുമാരി പാരിസ് ടണലിലെ കാറപകടത്തിൽ ഓർമയായിട്ട് 25 വർഷം തികയുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ദോദി അൽ ഫയാദുമായി പ്രണയത്തിലായിരുന്ന കാലത്താണ് 36–ാം വയസ്സിലെ ദാരുണാന്ത്യം.
ഹൃദ്യവും കുലീനവുമായ പെരുമാറ്റം കൊണ്ടും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും ആഗോള സെലിബ്രിറ്റിയായി തിളങ്ങിനിൽക്കുകയായിരുന്നു അന്ന്. സ്വകാര്യജീവിതത്തിലെ വിവാദങ്ങൾമൂലം എപ്പോഴും ക്യാമറകളുടെ ചാരക്കൺവെട്ടത്തിലായിരുന്നു ഡയാനയും ദോദിയും. 1997 ഓഗസ്റ്റ് 31നു പാരിസിലെ കാർ യാത്രയിലും ശല്യമുണ്ടായപ്പോൾ വാഹനത്തിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള സ്വാതന്ത്ര്യജ്വാല സ്മാരകം ലോകമെമ്പാടുമുള്ള ഡയാന ആരാധകരുടെ തീർഥാടനകേന്ദ്രമാണിപ്പോൾ.
English Summary: Princess Diana 25th death anniversary