രാജ്ഞിയുടെ സംസ്കാരം ഇന്ന്; ചടങ്ങിനെത്തുക 10 ലക്ഷം പേർ
Mail This Article
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിക്കു ഹൃദയഭാരത്തോടെ ഇന്നു ബ്രിട്ടന്റെ യാത്രാമൊഴി.10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2012 ലെ ലണ്ടൻ ഒളിംപിക്സിനു ശേഷം പൊതുഗതാഗതശേഷി ഇത്രയും കൂട്ടുന്നത് ഇതാദ്യമായാണ്. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി.
യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്നു രാവിലെ 6.30 വരെയാണു പൊതുജനങ്ങൾക്കു പ്രവേശനം.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്. നേതാക്കൾ ഇന്നലെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
യുകെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രാത്രി 8 നു ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. രാവിലെ 11 നു വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകും.സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.
കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര. കഴിഞ്ഞവർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം.
English Summary: Queen Elizabeth funeral today