ലണ്ടൻ ജനസാഗരമായി, രാജ്ഞിക്ക് വിട; നൂറിലേറെ രാഷ്ട്രനേതാക്കൾ പങ്കെടുത്തു
Mail This Article
ലണ്ടൻ ∙ നൂറിലേറെ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തിൽ, എലിസബത്ത് രാജ്ഞിക്കു (96) ബ്രിട്ടൻ വിട നൽകി. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ സംസ്കാരശുശ്രൂഷകൾക്കായി മൃതദേഹം വഹിച്ച പേടകം നീങ്ങിയപ്പോൾ, 70 വർഷം ബ്രിട്ടൻ ഭരിച്ച രാജ്ഞിക്കു ആദരമർപ്പിച്ച് സെൻട്രൽ ലണ്ടനിലെ തെരുവോരങ്ങളിൽ പതിനായിരങ്ങൾ മൗനമാചരിച്ചു ശിരസ്സ് നമിച്ചു.
വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷകൾക്കുശേഷം ബക്കിങ്ങാം കൊട്ടാരവും പിന്നിട്ടു ഹൈഡ് പാർക്കിലെ വെല്ലിങ്ടൻ ആർച്ച് വരെയുള്ള യാത്രയിൽ ചാൾസ് രാജാവും മക്കളായ വില്യവും ഹാരിയും ഉന്നത രാജകുടുംബാംഗങ്ങളും മൃതദേഹ പേടകത്തെ അനുഗമിച്ചു. സെന്റ് ജോർജ് ചാപ്പലിലെ ശുശ്രൂഷയ്ക്കായി വിൻഡ്സർ കൊട്ടാരത്തിലേക്കുള്ള പാതയായ ലോങ് വോക്കിൽ 3,000 സായുധസേനാംഗങ്ങൾ അകമ്പടി നൽകി. പള്ളിമണികൾ മുഴങ്ങി. ആചാരവെടികൾ ഉയർന്നു.
സെന്റ് ജോർജ് ചാപ്പലിൽ വച്ചാണു രാജാധികാരചിഹ്നങ്ങൾ മൃതദേഹത്തിൽനിന്നു നീക്കം ചെയ്തത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ് രാജകുമാരനു സമീപം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് അന്ത്യവിശ്രമം. ഇവിടെയാണു രാജ്ഞിയുടെ മാതാപിതാക്കളെയും അടക്കം ചെയ്തിട്ടുള്ളത്. ഈ മാസം 8 നാണു രാജ്ഞി അന്തരിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനക്കൂട്ടം തലേന്നുതന്നെ ലണ്ടനിലെ തെരുവോരങ്ങളിൽ തമ്പടിച്ചിരുന്നു. രാഞ്ജിയുടെ അന്ത്യയാത്രയെ അനുഗമിക്കാൻ 10 ലക്ഷം പേരെങ്കിലും ലണ്ടനിലെത്തിയെന്നാണ് കണക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവും പങ്കെടുത്തു.
English Summary: Queen Elizabeth II's Funeral: Late Monarch laid to Rest Alongside Husband Prince Philip