ഭൂമിയെ കാക്കാൻ ഒരുങ്ങുന്നു ബ്രഹ്മാസ്ത്രം; ഭൗമപ്രതിരോധം ഭാവിയിലേക്കുള്ള കരുതൽ
Mail This Article
1998 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രമാണ് ആർമഗെഡൻ. ഭൂമിയിലേക്കു വരുന്ന അത്യന്തം വിനാശകാരിയായ ഛിന്നഗ്രഹത്തെ നശിപ്പിക്കാനുള്ള നാസയുടെ ശ്രമമാണ് ഇതിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥ ഭാവനയാണെങ്കിലും ഛിന്നഗ്രഹങ്ങളോ സമാനമായ വലിയ ബഹിരാകാശ വസ്തുക്കളോ ഭൂമിയിലേക്കു പതിച്ചു ദുരന്തമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം ദുരന്തങ്ങൾ മൂലമുള്ള ഭീഷണി ചെറുക്കാനുള്ള ശ്രമമാണ് പ്ലാനറ്ററി ഡിഫൻസ് അഥവാ ഭൗമപ്രതിരോധം. നിലവിൽ സൗരയൂഥമേഖലയിൽ 27,500 ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത 100 വർഷത്തേക്ക് ഇവയിൽനിന്നു ഭൂമി ഭീഷണി നേരിടുന്നില്ലെന്നു നാസ പറയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും ഭൂമിക്കു സമീപമുള്ള ഒട്ടേറെ ഛിന്നഗ്രഹങ്ങളെ ഇനിയും കണ്ടെത്താനുണ്ടെന്നുമാണു മറ്റു ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൗമപ്രതിരോധം കാര്യമായെടുക്കാൻ നാസയുൾപ്പെടെ ഏജൻസികളെയും യുഎസ് സർക്കാരിനെയും പ്രേരിപ്പിച്ച ഘടകം ഇതാണ്. അറ്റ്ലസ് എന്ന പേരിൽ ഛിന്നഗ്രഹ നിരീക്ഷണ ടെലിസ്കോപ്പുകൾ ഹവായി, ദക്ഷിണാഫ്രിക്ക, ചിലെ എന്നിവിടങ്ങളിൽ നാസ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറയിലൂടെ കണ്ടു; പിന്നെ ഇടിച്ചിറങ്ങി
10 മാസം മുൻപ് യുഎസിലെ വാൻഡർബർഗ് സ്പേസ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ പുറപ്പെട്ട ഡാർട്ട് ആദ്യമെല്ലാം നാസയുടെ നിയന്ത്രണത്തിലാണു പറന്നത്. എന്നാൽ, ഇടിക്കു തൊട്ടുമുൻപുള്ള മണിക്കൂറിൽ പൂർണമായും സ്വയം നിയന്ത്രിതമായി. ഡാർട്ടിൽ ഘടിപ്പിച്ച ക്യാമറയായ ഡ്രാക്കോയിൽ ഡൈഫോർമോസ് ഛിന്നഗ്രഹം ഇന്നലെ പതിഞ്ഞു. അതോടെ ദൗത്യത്തിലുള്ള സ്മാർട്നാവ് എന്ന ഗതിനിയന്ത്രണ സംവിധാനം പ്രവർത്തിക്കാൻ തുടങ്ങി. സ്വന്തമായി വഴിനിശ്ചയിച്ചാണ് ഡാർട്ട് ഡൈഫോർമോസിലേക്ക് ആഞ്ഞിടിച്ചത്. മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗത്തിലായിരുന്നു ഇടി. യുഎസിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ കൺട്രോൾ സെന്റർ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. 32.5 കോടി ഡോളറാണ് ദൗത്യത്തിനു ചെലവ്. വികസിപ്പിക്കാൻ 7 വർഷം എടുത്തു.
ഭ്രമണപഥം ചുരുങ്ങിയാൽ വിജയം
ഏറ്റവുമടുത്തുള്ള ഛിന്നഗ്രഹങ്ങളാണെങ്കിലും ഭൂമിക്കു പറയത്തക്ക അപകടഭീഷണി ഉയർത്താത്തവയാണ് ഡിഡീമോസും ഡൈഫോർമോസും. അതിനാലാണു പരീക്ഷണത്തിനായി ഈ ഛിന്നഗ്രഹങ്ങൾ തിരഞ്ഞെടുത്തത്. ഇപ്പോൾ കിട്ടിയ ഇടി ഡൈഫോർമോസിനെ തകർക്കില്ല. എന്നാൽ, മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഡിഡീമോസിനു ചുറ്റുമുള്ള ഓരോ ഭ്രമണത്തിനും ഡൈഫോർമോസ് 11 മണിക്കൂർ 55 മിനിറ്റ് എടുക്കാറുണ്ട്. ഇടിക്കു ശേഷം ഭ്രമണപഥം ചുരുങ്ങിയാൽ ഈ സമയത്തിൽ കുറവുണ്ടാകും. 1 മിനിറ്റ് 13 സെക്കൻഡ് എങ്കിലും കുറഞ്ഞാൽ ദൗത്യം വിജയമായി കണക്കാക്കാം. ഡാർട്ടിന്റെ കൂടെയുണ്ടായിരുന്ന ലിസിയക്യൂബ് എന്ന ഉപഗ്രഹത്തിനൊപ്പം ഭൂമിയിലെ 15 ടെലിസ്കോപ് സംവിധാനങ്ങളും ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്.
2024 ൽ പുറപ്പെടുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ‘ഹേര’, ഡാർട്ട് ഡൈഫോർമോസിലുണ്ടാക്കിയ ഗർത്തത്തിന്റെ ചിത്രമെടുക്കും. മിലാനി, യുവെന്റാസ് എന്നീ 2 ചെറു ഉപഗ്രഹങ്ങളും ഹേരയ്ക്കൊപ്പം പോകുന്നുണ്ട്. ഇവയും വിവരശേഖരണം നടത്തും.
ഛിന്നഗ്രഹം തടുക്കാൻ 3 വഴി
1.കൈനറ്റിക് ഇംപാക്ടർ ടെസ്റ്റിങ് എന്ന ഛിന്നഗ്രഹ പ്രതിരോധ രീതിയാണ് ഡാർട്ടിലൂടെ നാസ പരീക്ഷിച്ചത്. ഉയർന്ന വേഗത്തിൽ ഒന്നോ അതിലധികമോ ബഹിരാകാശപേടകങ്ങളെ ഛിന്നഗ്രഹത്തിലേക്ക് ഇടിപ്പിച്ചു ദിശമാറ്റുന്നതാണിത്.
2. ഗ്രാവിറ്റി ട്രാക്ടർ എന്ന സംവിധാനവും നാസയുടെ പദ്ധതിയിലുണ്ട്. വലുപ്പമേറിയ പേടകങ്ങളെ ഛിന്നഗ്രഹത്തിനടുത്തേക്കു പറപ്പിക്കുന്നതാണ് ഈ രീതി. ഛിന്നഗ്രഹത്തിനൊപ്പം പറക്കുന്ന പേടകങ്ങൾ ഗുരുത്വബലം ഉപയോഗിച്ച് ഇവയുടെ ഗതിമാറ്റും.
3. ആണവായുധം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ തകർക്കുകയാണു മറ്റൊന്ന്. ഇങ്ങനെ ചെയ്താൽ ഛിന്നഗ്രഹ ചീളുകൾ അപകടകരമായ രീതിയിൽ പ്രവഹിച്ചേക്കാം. ഭൂമിയിൽ ആണവ വികിരണത്തിനും കാരണമായേക്കാം.
ദിനോസറുകളെ കൊന്ന ചിക്സുലബ് തീഗോളം
1. ഛിന്നഗ്രഹ അപകടങ്ങളിൽ ഏറ്റവും പ്രശസ്തം 6.6 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നടന്ന ചിക്സുലബ് ഛിന്നഗ്രഹ പതനമാണ്. 10– 15 കിലോമീറ്റർ വരെ വലുപ്പമുള്ള വമ്പൻ ഛിന്നഗ്രഹം മെക്സിക്കോയിലെ യൂക്കാട്ടാനിൽ വീണു. ഇതിന്റെ ആഘാതം മൂലമുണ്ടായ പരിസ്ഥിതി മാറ്റങ്ങളിൽ ദിനോസറുകൾക്കു വംശനാശം വന്നു. ഭൂമിയിൽ അന്നുണ്ടായിരുന്ന ജീവിവർഗങ്ങളുടെ മുക്കാൽഭാഗവും നശിച്ചു.
2. 1908 ൽ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്ക വനമേഖലയിൽ ഛിന്നഗ്രഹമെന്നു കരുതപ്പെടുന്ന ഒരു ബഹിരാകാശ വസ്തു പൊട്ടിത്തെറിച്ച് 5 ലക്ഷം ഏക്കർ വനഭൂമി കത്തിനശിച്ചു. ആളുകൾ താമസിക്കാത്ത മേഖലയായതിനാൽ മരണങ്ങളുണ്ടായില്ല. 8 കോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു.
3. 2013 ൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള പാറക്കഷണം റഷ്യയിലെ ചെല്യബിൻസ്കിയുടെ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹിരോഷിമയിലെ അണുവിസ്ഫോടനത്തിന്റെ മൂന്നിരട്ടി തീവ്രതയായിരുന്നു ഇതിന്. ഒട്ടേറെ വീടുകൾ നശിക്കുകയും 1600 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഡാർട്ടിനു പിന്നിൽ ഇന്ത്യൻ തിളക്കം; സംഘത്തിൽ മലയാളി വേരുകളുള്ളവരും
ന്യൂയോർക്ക് ∙ ഡാർട്ട് ദൗത്യത്തിന്റെ വികസനത്തിനും പൂർത്തീകരണത്തിനും പിന്നിൽ മലയാളികളുൾപ്പെടെ ഇന്ത്യൻ വംശജരുടെ സാന്നിധ്യം. പ്രഫ. കെ.ടി.രമേശ്, ഡോ.ഹരി നായർ, അങ്കിത ജോർജ്, എലിസബത്ത് മാത്യു തുടങ്ങിയവരുൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഡാർട്ട് സംഘത്തിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ ഡോ. കെ.ടി.രമേശ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അലോൺസോ ജി.ഡെക്കർ പ്രഫസറും ശാസ്ത്രജ്ഞനുമാണ്. ഇവിടത്തെ ഹോപ്കിൻസ് എക്സ്ട്രീം മെറ്റീരിയൽസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറുമാണ്. ബെംഗളൂരു സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം യുഎസിലെ ബ്രൗൺ സർവകലാശാലയിൽ നിന്നാണു പിഎച്ച്ഡി നേടിയത്.
ഡാർട്ട് ഗവേഷണ സംഘത്തിലുൾപ്പെട്ട ഡോ.ഹരി നായർ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റ്‌വെയർ വിദഗ്ധനുമാണ്. പെൻസിൽവേനിയയിലെ മക്കീൻ പട്ടണത്തിൽ ജനിച്ച അദ്ദേഹം ഗാനോൻ സർവകലാശാലയിൽനിന്നു ഗണിതത്തിലും ഫിസിക്സിലും ബിരുദം നേടി. തുടർന്ന് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പ്ലാനറ്ററി സയൻസിൽ പിഎച്ച്ഡി നേടി.
റട്ഗേഴ്സ് സർവകലാശാലയിൽനിന്നു ബിരുദം നേടിയ അങ്കിത ജോർജ്, ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. എലിസബത്ത് മാത്യു ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിക്കുന്നു.
English Summary: NASA DART mission to crash asteroid