ഛിന്നഗ്രഹത്തിനുമേൽ ഇടിവിജയം; നാസയുടെ ആദ്യ ഭൗമപ്രതിരോധ ദൗത്യം വിജയം
Mail This Article
ന്യൂയോർക്ക് ∙ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ പരീക്ഷണദൗത്യം വിജയിച്ചു. നാസ വിക്ഷേപിച്ച ഡാർട്ട് പേടകം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.44ന് ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങി. ഡിഡീമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹമാണ് ഡൈഫോർമോസ്. ഇതിന്റെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടാക്കുകയാണ് ഡാർട്ടിന്റെ (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം. ഭാവിയിൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ പ്രത്യേക പേടകങ്ങൾ കൊണ്ട് ഇടിച്ച് ദിശ മാറ്റി ഭീഷണി ഒഴിവാക്കുകയെന്ന പ്ലാനറ്ററി ഡിഫൻസ് (ഭൗമപ്രതിരോധം) ഗവേഷണത്തിലെ നിർണായക ചുവടുവയ്പാണിത്.
ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹങ്ങളാണ് ഡിഡീമോസും ഡൈഫോർമോസും. ഇടിയുടെ ആഘാതത്തിൽ ഡൈഫോർമോസിൽ ഒരു കുഴി രൂപപ്പെട്ടെന്നു ശാസ്ത്രജ്ഞർ അറിയിച്ചു. ഇടിച്ച ശേഷം ഡാർട്ടിന് എന്തു സംഭവിച്ചെന്നു വ്യക്തമല്ല. ഡൈഫോർമോസിന്റെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടായോ എന്ന് ഡാർട്ടിനൊപ്പമുണ്ടായിരുന്ന ലിസിയക്യൂബ് എന്ന ഉപഗ്രഹം പുറത്തുവിടുന്ന വിവരങ്ങളും ചിത്രങ്ങളും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിർണയിക്കും. 4 വർഷത്തിനു ശേഷം ഡിഡീമോസിനു സമീപമെത്തുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഹേര ദൗത്യം, ഇപ്പോൾ നടത്തിയ പരീക്ഷണത്തിന്റെ സമഗ്ര വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.
English Summary: NASA DART mission crashes asterioid dimorphos