ലിസ് ട്രസിന്റെ ഫോൺ ചോർത്തി റഷ്യൻ ചാരന്മാർ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് മുൻപ്രധാനമന്ത്രി ലിസ് ട്രസ് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ റഷ്യൻ ചാരന്മാർ അവരുടെ സ്വകാര്യഫോൺ ചോർത്തി രഹസ്യസ്വഭാവമുളള നിർണായക വിവരങ്ങൾ സ്വന്തമാക്കിയെന്ന ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടു സഖ്യരാഷ്ട്ര നേതാക്കളുമായുള്ള ലിസിന്റെ ആശയവിനിമയം മാത്രമല്ല, മുൻ ധനമന്ത്രി ക്വാസി ക്വാർടെങ്ങുമായി നടത്തിയ സ്വകാര്യസംഭാഷണങ്ങളും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുവേണ്ടി ചാരന്മാർ ചോർത്തിയതായി റിപ്പോർട്ടിലുണ്ട്. ഒരു വർഷം ലിസ് അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങൾ മുഴുവനായും ചോർത്തിയെന്നാണു വിവരം. ഇക്കൂട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസനെ നിശിതമായി വിമർശിക്കുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നു.
ജോൺസൺ രാജിവച്ച്, പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടിയിൽ മത്സരം നടക്കുന്ന കാലത്താണു ഫോൺ ഹാക്ക് ചെയ്യപ്പെട്ട കാര്യം ബ്രിട്ടിഷ് ഇന്റലിജൻസ് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം മറച്ചുവച്ചെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഫോൺ ചോർത്തിയതുമൂലമാണു പത്തുവർഷത്തിലേറെയായി ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പർ മാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: Liz Truss's Phone Was Hacked