ഫ്രാൻസിസ് മാർപാപ്പയ്ക്ക് 86; പിറന്നാൾ ദിനത്തിൽ മദർ തെരേസ പുരസ്കാര സമർപ്പണം
Mail This Article
വത്തിക്കാൻ സിറ്റി ∙ സമൂഹത്തിൽ സഹാനുഭൂതിയുടെ കിരണങ്ങൾ പടർത്തിയ 3 വ്യക്തികളെ ആദരിച്ച് ഫ്രാൻസിസ് മാർപാപ്പ 86–ാം പിറന്നാൾ ആഘോഷിച്ചു. സേവന പ്രവർത്തനങ്ങളിൽ വഴികാട്ടികളായ മൂവർക്കും മദർതെരേസയുടെ പേരിലുള്ള പുരസ്കാരങ്ങളും മാർപാപ്പ സമ്മാനിച്ചു.
വീടില്ലാതെ വത്തിക്കാൻ തെരുവിൽ തന്നെ കഴിയുന്ന ജിയാൻ പിയറോ തെരുവിന്റെ മക്കൾക്ക് പരിചിതനായത് വൂ എന്ന വിളിപ്പേരിലാണ്. തനിക്ക് ലഭിക്കുന്നത് സഹജീവികൾക്കു കൂടി പങ്കുവച്ചാണ് വൂ പാപ്പയിൽ നിന്ന് പുരസ്കാരം വാങ്ങാൻ അർഹത നേടിയത്. അഗതികളുടെ അമ്മ മദർതെരേസയുടെ പേരിലുള്ള പുരസ്കാരം സമ്മാനിച്ച് ഫ്രാൻസിസ് മാർപാപ്പ ജിയാൻ പിയറോയുടെ കൈകളിൽ മുത്തം നൽകി.
ഫ്രാൻസിസ്കൻ വൈദികനും സിറിയയിൽ അശരണർക്കിടയിൽ പ്രവർത്തിക്കുന്ന ഹന്നജലൗഫ്, ഇറ്റാലിയൻ വ്യവസായി സിൽവാനോ പെഡ്രാളോ എന്നിവരാണ് പുരസ്കാരം നേടിയ മറ്റു 2 പേർ. സ്കൂളുകൾ നിർമിച്ചും സ്കൂളുകളിൽ ശുദ്ധജലം വിതരണം ചെയ്തും പ്രശസ്തനാണ് സിൽവാനോ. ചടങ്ങിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികളും പങ്കെടുത്തു.
3 ശിൽപങ്ങൾ വത്തിക്കാൻ ഗ്രീസിനു കൈമാറും
റോം ∙ വത്തിക്കാൻ മ്യൂസിയത്തിലുണ്ടായിരുന്ന 2500 വർഷത്തിലേറെ പഴക്കമുള്ള 3 പാർഥിനോൺ ശിൽപങ്ങൾ ഗ്രീസിനു കൈമാറാൻ ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ഗ്രീസിൽ അഥീന ദേവിയുടെ പേരിലുണ്ടായിരുന്ന പൗരാണിക ക്ഷേത്രമായ പാർഥിനോണിന്റെ ഭാഗമായിരുന്ന മാർബിൾ ശിൽപങ്ങളാണിവ. അഥീന ദേവിയുടെ രഥം വലിക്കുന്ന കുതിരയുടെ തല, ഒരു കുട്ടിയുടെ ശിരസ്സ്, താടിയുള്ള പുരുഷമുഖം എന്നിവയാണവ. ഒരു നൂറ്റാണ്ടിലേറെയായി ഇവ വത്തിക്കാൻ മ്യൂസിയത്തിലുണ്ട്.
Content Highlight: Pope Francis birthday