ADVERTISEMENT

ടൊറന്റോ ∙ ടൈറ്റാനിക് കപ്പൽ മുങ്ങിത്താണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഐസ് തണുപ്പുള്ള വെള്ളത്തിൽ മരപ്പലകയുടെ സഹായത്തോടെ പൊങ്ങിക്കിടന്ന റോസിന് ജാക്കിനെക്കൂടി രക്ഷിക്കാമായിരുന്നില്ലേ ? സാമാന്യം വലുപ്പമുള്ള ആ മരപ്പലകയിൽ ജാക്കിനും കൂടി സ്ഥലം ഉണ്ടായിരുന്നല്ലോ! എന്നിട്ടും ആ പാവത്തെ സംവിധായകൻ കൊന്നു കളഞ്ഞു!

ടൈറ്റാനിക് സിനിമയുടെ കഥാന്ത്യത്തിൽ ജാക്കിനെ കൊന്ന ക്രൂരനായ സംവിധായകനെന്നു പഴികൾ കേട്ടു മടുത്ത ജയിംസ് കാമറൺ കാൽനൂറ്റാണ്ടു ശേഷം ഇതിനൊരു ശാസ്ത്രീയ വിശദീകരണവുമായി വരുന്നു. ഫെബ്രുവരിയിലെ വാലന്റൈൻസ് വാരാന്ത്യത്തിൽ പുറത്തിറങ്ങുന്ന ടൈറ്റാനിക് 4കെ പതിപ്പിനൊപ്പം റിലീസ് ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണിത്. അറ്റ്ലാന്റിക്കിലെ തണുത്തുറഞ്ഞ വെള്ളത്തിൽ കഴുത്തറ്റം മുങ്ങി മണിക്കൂറുകൾ നിൽക്കേണ്ടി വരുന്ന ഒരാളെ മരണം തട്ടിയെടുത്തിരിക്കുമെന്നാണ് അതേ സാഹചര്യം പുനഃസൃഷ്ടിച്ച് ഫൊറൻസിക് വിദഗ്ധന്റെ സഹായത്തോടെ നടത്തിയ പരീക്ഷണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

1997ൽ പുറത്തിറങ്ങിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ ജാക്ക് ( ലിയനാഡൊ ഡികാപ്രിയോ)– റോസ് (കേറ്റ് വിൻസ്‌ലറ്റ്) പ്രണയജോഡികളുടെ അതേ ശരീരഭാരമുള്ള 2 പേരെ ഉപയോഗിച്ച് സെൻസറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. ഇരുവരെയും രക്ഷപ്പെടുത്താൻ പല മാർഗങ്ങൾ നോക്കി. എങ്ങനെയൊക്കെ ശ്രമിച്ചാലും ഒരാൾ മാത്രമേ രക്ഷപ്പെടൂ എന്നാണു ശാസ്ത്രീയമായി തെളിഞ്ഞത്.

പുതിയ ചിത്രമായ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ പ്രമോഷനുമായി ബന്ധപ്പെട്ട് ടൊറൊന്റോ സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ, ടൈറ്റാനിക് പ്രണയ,ത്യാഗങ്ങളുടെ കഥയാണെന്നും കാമറൺ പറഞ്ഞു. റോമിയോ – ജൂലിയറ്റ് കഥ പോലെ കമിതാക്കളിലൊരാളുടെ മരണം കലാപരമായി നോക്കിയാലും അനിവാര്യം തന്നെ.

English Summary: James Cameron says he did scientific research to prove Jack and Rose couldn’t have survived together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com