നേപ്പാൾ: ഷെർ ബഹാദൂർ ദുബെ വീണ്ടും പ്രധാനമന്ത്രിയാവും
Mail This Article
കഠ്മണ്ഡു ∙ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദുബെയെ (76) നേപ്പാളി കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഗഗൻ കുമാർ താപ്പയെ (45) പാർട്ടി പ്രസിഡന്റ് കൂടിയായ ദുബെ 39 വോട്ടുകൾക്കാണ് തോൽപിച്ചത്. ദുബെയ്ക്ക് 64 വോട്ട് ലഭിച്ചപ്പോൾ താപ്പയ്ക്ക് 25 വോട്ടുമാത്രമാണ് ലഭിച്ചത്. ദുബെ തന്നെയായിരിക്കും അടുത്ത സർക്കാരിനെ നയിക്കുക എന്ന് ഇതോടെ ഉറപ്പായി.
നവംബർ 20ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് ആണ് 89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 275 അംഗ സഭയിൽ 165 സീറ്റുകളിലേക്കാണ് നേരിട്ടുള്ള വോട്ടെടുപ്പ് നടന്നത്. ബാക്കി 110 സീറ്റിൽ വോട്ടുവിഹിതത്തിനനുസരിച്ചുള്ള നാമനിർദേശമാണ്.
നേപ്പാളി കോൺഗ്രസ് പാർട്ടി സഖ്യത്തിന് 136 സീറ്റുണ്ട്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നേപ്പാൾ കമ്യുണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) സഖ്യത്തിന് 92 സീറ്റുണ്ട്.
English Summary: Nepal Prime Minister Sher Bahadur Deuba elected leader of Nepali Congress parliamentary party