ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് മുൻ മാവോയിസ്റ്റ് നേതാവ് പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡയുടെ നേതൃത്വത്തിൽ വീണ്ടുമൊരു സർക്കാർ നേപ്പാളിൽ അധികാരത്തിലെത്തിയത്. മൂന്നാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. 2008–2009, 2016–2017 കാലയളവിലായിരുന്നു മുൻപ് പ്രചണ്ഡ പ്രധാനമന്ത്രിയായത്. 

ഇന്ത്യയോട് ആഭിമുഖ്യമുള്ള നേപ്പാളി കോൺഗ്രസുമായാണ് രണ്ടാം തവണ സഖ്യമുണ്ടാക്കിയത്. ആദ്യകാലത്തെ കടുത്ത ഇന്ത്യ വിരുദ്ധതയിൽ നിന്ന് അക്കാലത്ത് ഏറക്കുറെ പിന്നോട്ടുപോയെങ്കിൽ ഇന്ത്യ വിരുദ്ധ നേതാവായ കെ.പി.ശർമ ഓലിയുമായാണ് ഇത്തവണത്തെ സഖ്യം. ഇതാണ് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചണ്ഡയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. രണ്ടരക്കൊല്ലം പ്രചണ്ഡയും അതിനുശേഷം ഓലിയോ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് പാർട്ടിയിലെ മറ്റൊരു നേതാവോ ആയിരിക്കും പ്രധാനമന്ത്രി.

പ്രചണ്ഡയും ഓലിയും തമ്മിൽ 2017 ൽ സഖ്യമുണ്ടാക്കിയതിനു പിന്നിൽ ചൈനയുടെ കൈകൾ ഉണ്ടായിരുന്നു. അന്നത്തെ ചൈനീസ് അംബാസഡർ നയതന്ത്രമര്യാദകളും മറവുകളും മാറ്റിവെച്ചാണ് ഇരുവരെയും ഒന്നിച്ചുകൊണ്ടുവരാൻ മുൻകൈയെടുത്തത്. എന്നാൽ, ആദ്യപകുതിക്കുശേഷം കസേര കൈമാറാൻ ഓലി വിസമ്മതിച്ചതാണ് സഖ്യം തകരാൻ കാരണമായത്.

2021 ൽ ഓലിയുടെ രാജിയെത്തുടർന്നാണ് പ്രചണ്ഡയുടെ പിന്തുണയോടെ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദുർ ദുബെ അധികാരത്തിലെത്തിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന ആദ്യ സൂചനകൾ വന്നതോടെ ഓലി പ്രചണ്ഡയുമായി ബന്ധപ്പെട്ടു. ഒപ്പം ദുബെയുമായും. പ്രചണ്ഡ തന്നോടൊപ്പം വന്നില്ലെങ്കിൽ ഓലിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചേക്കുമെന്ന് വ്യാമോഹിച്ചിരുന്ന ദുബെ, ഓലി ഒരുക്കിയ കെണിയിൽ താൻ വീഴുകയാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.

English Summary: Prachanda alliance with KP Sharma Oli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com