സിപിഎൻ–യുഎംഎൽ പിന്തുണ പിൻവലിച്ചു നേപ്പാൾ: പ്രചണ്ഡ സർക്കാർ പ്രതിസന്ധിയിൽ
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സിപിഎൻ–യുഎംഎൽ പിന്തുണ പിൻവലിച്ചതോടെ പ്രചണ്ഡ (പുഷ്പ കമൽ ദഹൽ)യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിലായി. മാർച്ച് 9നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് സ്ഥാനാർഥി റാംചന്ദ്ര പൗഡേലിനെ പിന്തുണയ്ക്കാൻ പ്രചണ്ഡയുടെ പാർട്ടി തീരുമാനിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.
79 എംപിമാരുള്ള സിപിഎൻ–യുഎംഎൽ പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ബിഷ്ണു പൗഡിയൽ ഉൾപ്പെടെ പാർട്ടിയുടെ 8 മന്ത്രിമാരും രാജിവയ്ക്കും. 89 എംപിമാരുള്ള നേപ്പാളി കോൺഗ്രസിന്റെ പിന്തുണ ലഭിക്കാനിടയുള്ളതിനാൽ 2 മാസം മുൻപ് അധികാരമേറ്റ സർക്കാരിന് ഭീഷണിയില്ല. പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്റർ) പാർട്ടിക്ക് 32 എംപിമാരാണുള്ളത്.
നവംബറിലെ തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസിനൊപ്പമാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) മത്സരിച്ചത്. തിരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങളിലൊന്ന് ലഭിക്കില്ലെന്നു കണ്ട് പ്രചണ്ഡ സഖ്യം വിട്ട് എതിർപക്ഷത്തെ ശർമ ഒലിയുടെ പാർട്ടിയുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കി. 275 അംഗ പാർലമെന്റിൽ നേപ്പാളി കോൺഗ്രസ് (89), ആർഎസ്പി (20) എന്നീ പാർട്ടികളുടെ സഹായത്തോടെ പ്രചണ്ഡയ്ക്കു ഭൂരിപക്ഷം ഉറപ്പിക്കാനാവും.
English Summary: Political crisis in Nepal