‘ഇന്ത്യൻ ഐടിക്കാരെ ജർമനിക്കു വേണം’; ഒലാഫ് ഷോൾസിന്റെ സന്ദർശനം ഇന്ത്യയ്ക്ക് പ്രയോജനപ്പെടുന്നത് എങ്ങനെ?
Mail This Article
ഫെബ്രുവരി 25, 26 തീയതികളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഒരു നിർണായക പ്രഖ്യാപനം നടത്തി. ഇന്ത്യയിൽ നിന്നുള്ള ഐ.ടി, ടെക് പ്രഫഷണലുകളെ തങ്ങൾക്ക് കൂടുതലായി വേണമെന്നും അതിനായി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് ജർമൻ ചാൻസലർ വ്യക്തമാക്കിയത്. ഇന്ത്യയിലുൾപ്പെടെ, ലോകമാകെയുള്ള ടെക് കമ്പനികൾ വ്യാപകമായ പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കായി വാതിൽ തുറക്കാൻ തങ്ങൾ തയാറാണെന്ന് ജർമനി പറയുന്നത്. ജർമനിയിൽ ഉള്ള അവസരങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ പ്രഫഷനലുകൾ തയാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയും ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ശാസ്ത്ര, സാങ്കേതിക, ധന, വാണിജ്യ, പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് ഷോൾസിന്റെ ഇന്ത്യൻ സന്ദർശനത്തിലെ പ്രധാന കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.