ബെലാറൂസിൽ രാഷ്ട്രീയ അടിച്ചമർത്തൽ തുടരുന്നു; പ്രതിപക്ഷ നേതാവിന് 15 വർഷം തടവുശിക്ഷ
Mail This Article
മിൻസ്ക് ∙ പ്രവാസിയായി കഴിയുന്ന ബെലാറൂസിലെ പ്രതിപക്ഷ നേതാവ് സ്വറ്റ്ലാന സിഖാനോസ്ക്യയ്ക്ക് (40) കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. വിദേശ സഹായത്തോടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സമാധാന നൊബേൽ ജേതാവുമായ ഏൽസ് ബിയാലിയാറ്റ്സ്കിക്ക് (60) ഏതാനും ദിവസം മുൻപ് ഇതേ കുറ്റത്തിന് 10 വർഷം തടവു വിധിച്ചിരുന്നു. സ്വറ്റ്ലാന ഇപ്പോൾ ലിത്വാനയിലാണുള്ളത്.
സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായ 1994 മുതൽ അധികാരത്തിലുള്ള പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോ, പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ ക്രൂരമായാണ് അടിച്ചമർത്തുന്നത്. മിക്ക പ്രതിപക്ഷ നേതാക്കളും രാജ്യം വിട്ടുപോയി. 2020 ൽ തിരഞ്ഞെടുപ്പു ക്രമക്കേട് നടത്തി ലുക്കാഷെൻകോ വീണ്ടും അധികാരത്തിലെത്തിയതിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭമാണ് നടന്നത്. ഭർത്താവും പ്രമുഖ നേതാവുമായ സിയാഹെ സിഖാനോസ്ക്യയെ ഈ പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യുകയും 18 വർഷത്തേക്ക് ജയിലിലടയ്ക്കുകയും ചെയ്തതോടെയാണ് അധ്യാപികയായ സ്വറ്റ്ലാന സമരരംഗത്തിറങ്ങിയത്.
മറ്റൊരു പ്രമുഖ നേതാവും മുൻ മന്ത്രിയുമായ പാവേൽ ലതുഷ്കയ്ക്കും 18 വർഷത്തെ ശിക്ഷ വിധിച്ചു. മരിയ മറോസ്, വോൾഹ കവൽകോവ, സിയാഹെ ദിലെവ്സ്കി എന്നീ നേതാക്കൾക്ക് 12 വർഷം വീതമാണ് ശിക്ഷ. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം തുടരുമെന്ന് സ്വറ്റ്ലാന പ്രതികരിച്ചു. വിചാരണ പ്രഹസനമായിരുന്നതായും അവർ പറഞ്ഞു.
English Summary : Court directs prisonment to belarus opposition leader Svetlana Tikhanovskaya