നേപ്പാൾ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ അധികാരമേറ്റു
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് റാം ചന്ദ്ര പൗഡേൽ അധികാരമേറ്റു. പ്രസിഡന്റിന്റെ ഓഫിസായ ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരികൃഷ്ണ കർകി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി പ്രചണ്ഡ, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2008 ലാണ് നേപ്പാൾ റിപ്പബ്ലിക്കായത്.
6 തവണ എംപിയും 5 തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പൗഡേൽ (78). പൗഡേലിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സിപിഎൻ–യുഎംഎൽ ഭരണസഖ്യം വിട്ടത് പ്രചണ്ഡ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേപ്പാളി കോൺഗ്രസ് പിന്തുണച്ചതോടെ സർക്കാരിന് ഭീഷണിയില്ല.
English Summary : Ram Chandra Paudel sworn in as Nepal's third President