ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിൽ പാർപ്പിക്കാൻ നീക്കം
Mail This Article
ലണ്ടൻ ∙ അനധികൃത കുടിയേറ്റക്കാരെ മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയ്ക്കു കൈമാറി അഭയാർഥിത്താവളത്തിൽ പാർപ്പിക്കാനുള്ള നടപടികളുമായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ട്. അഭയാർഥിത്താവളം സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി യുകെ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാൻ മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെത്തി. റുവാണ്ട വിദേശകാര്യ മന്ത്രി വിൻസന്റ് ബിറുട്ടയുമായി ചർച്ച നടത്തിയ സ്യുവെല്ല ബ്രേവർമാൻ പ്രസിഡന്റ് പോൾ കഗമെയുമായും കൂടിക്കാഴ്ച നടത്തും.
വീസയില്ലാതെ രാജ്യത്ത് എത്തുന്നവരെ റുവാണ്ടയ്ക്കു കൈമാറുന്ന പദ്ധതി സംബന്ധിച്ച് ഏപ്രിൽ 2022ലാണ് യുകെ പ്രഖ്യാപനം നടത്തിയത്. 146 മില്യൻ ഡോളറിന്റേതാണ് (ഏകദേശം 1205 കോടി രൂപ) പദ്ധതി. ഇപ്പോഴത്തെ കൂടിക്കാഴ്ചയിൽ യുകെ കൂടുതൽ ധനസഹായം വാഗ്ദാനം ചെയ്തതായി വിൻസന്റ് ബിറുട്ട വ്യക്തമാക്കി. കുടിയേറ്റക്കാർക്കും റുവാണ്ട സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകുന്ന ധാരണകളാണു നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം 45,000ൽ അധികം അനധികൃത കുടിയേറ്റക്കാർ ഫ്രാൻസിൽനിന്ന് ഇംഗ്ലിഷ് ചാനൽ കടന്ന് യുകെയിൽ എത്തിയതായാണു കണക്കുകൾ. അൽബേനിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു കൂടുതൽ. ധാരണപ്രകാരം ആദ്യ സംഘത്തെ കഴിഞ്ഞ വർഷം റുവാണ്ടയിലേക്ക് അയയ്ക്കേണ്ടതായിരുന്നെങ്കിലും യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇടപെട്ടതു തിരിച്ചടിയായി. ലണ്ടൻ ഹൈക്കോടതി ഇത് നിയമവിധേയമാക്കിയെങ്കിലും ബ്രിട്ടിഷ് സുപ്രീം കോടതി ഇതിനെതിരായ അപ്പീൽ ഉടനെ പരിഗണിക്കാനിരിക്കുകയാണ്. കോടതിവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു ഋഷി സുനക് സർക്കാരിന്റെ നീക്കം.
റുവാണ്ടയിലേക്ക് അഭയാർഥികളെ മാറ്റിയാൽ ചെലവു ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് യുകെ സർക്കാരിന്റെ കണക്കുകൂട്ടൽ. കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് യുകെ പ്രതിവർഷം 2 ബില്യൻ പൗണ്ട് (20,093 കോടി രൂപ) ചെലവാക്കുന്നുണ്ട്. രാജ്യത്ത് അനധികൃതമായി എത്തുന്നവരിൽ ക്രിമിനൽപശ്ചാത്തലമില്ലാത്ത പുരുഷന്മാരെയാകും 6400 കിലോമീറ്റർ അകലെ റുവാണ്ടയിലേക്കു മാറ്റുക. അഭയാർഥികളുടെ അപേക്ഷ റുവാണ്ടൻ സർക്കാർ നേരിട്ടു പരിശോധിക്കുന്ന രീതിയിലാകും നടപടികൾ. ഇതോടെ ആഭ്യന്തര യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ നേരിട്ട് റുവാണ്ടയിലേക്ക് അയച്ചേക്കും. ഇതു രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണം ശക്തമാണ്.
English Summary: UK to deport refugees to Rwanda