ഹാർവഡ് ഫെലോഷിപ് നേടി ജസിൻഡ യുഎസിലേക്ക്
Mail This Article
കേംബ്രിജ് (മാസച്യുസിറ്റ്സ്, യുഎസ്) ∙ ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ യുഎസിലെ ഹാർവഡ് സർവകലാശാലയിൽ ഫെലോഷിപ്പിനെത്തുന്നു. ഹാർവഡ് കെന്നഡി സ്കൂൾ സെന്റർ ഫോർ പബ്ലിക് ലീഡർഷിപ്പിലെ 2 ഫെലോഷിപ്പുകൾക്കാണ് ജസിൻഡയെ (42) തിരഞ്ഞെടുത്തത്. ആഞ്ചലോപുലസ് ഗ്ലോബൽ പബ്ലിക് ലീഡേഴ്സ് ഫെലോ, ഹൗസർ ലീഡർ എന്നിവ കൂടാതെ ഹാർവഡ് ലോ സ്കൂളിലും ഫെലോഷിപ് നേടി.
2017 ൽ 37ാം വയസ്സിൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായ ജസിൻഡ ഈ വർഷം ആദ്യം രാജിവച്ചു രാഷ്ട്രീയം വിട്ടതിനു പിന്നാലെയാണ് നേതൃപദവിയും നയങ്ങളും സംബന്ധിച്ച പ്രഭാഷണങ്ങൾക്കും അധ്യാപനത്തിനും ഗവേഷണത്തിനും ഇടമൊരുക്കുന്ന ഫെലോഷിപ്പിന് അർഹയായത്.
‘ജോൺ എഫ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റ്’ എന്ന് അറിയപ്പെടുന്ന ഹാർവഡ് കെന്നഡി സ്കൂളിലെ ആഞ്ചലോപുലസ് ഫെലോ ആയി യുഎൻ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഉൾപ്പെടെ പ്രമുഖർ മുൻപ് എത്തിയിട്ടുണ്ട്.
English Summary : New Zealand Ex Prime Minister Jacinda Ardern to US to take up Harvard University fellowship