കാരുണ്യത്തിന്റെ സംസ്കാരത്തിന് മാർപാപ്പയുടെ ആഹ്വാനം
Mail This Article
ബുഡാപെസ്റ്റ് ∙ എല്ലാവരെയും സഹായിക്കാനും കാരുണ്യത്തിന്റെ സംസ്കാരം വളർത്തിയെടുക്കാനും ഫ്രാൻസിസ് മാർപാപ്പ ഹംഗറിയിലെ ജനങ്ങളോട് അഭ്യർഥിച്ചു. യുക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം നൽകിയതിന് ഹംഗറിയെ അഭിനന്ദിക്കുകയും ചെയ്തു. ഹംഗറി സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മാർപാപ്പ ഓർത്തഡോക്സ് സഭയുടെ ഹംഗറിയിലെ പ്രതിനിധി ഹിലാരിയൻ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ കിറിൽ പാത്രിയർക്കീസുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ന്യായീകരിക്കുന്നതിന്റെ പേരിൽ മാറ്റിവയ്ക്കുകയായിരുന്നു.
ദാരിദ്ര്യവും വേദനയും അനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെങ്കിൽ വിശ്വാസികൾ എന്നു വിളിക്കപ്പെടാൻ നമ്മൾ യോഗ്യരല്ലെന്ന് സെന്റ് എലിസബത്ത് പള്ളിയിൽ അംഗപരിമിതരും പാവപ്പെട്ടവരുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. ഉച്ചകഴിഞ്ഞു സ്പോർട്സ് സ്റ്റേഡിയത്തിൽ യുവജന സമ്മേളനത്തിലും പങ്കെടുത്തു. ഇന്ന് തുറന്ന വേദിയിൽ കുർബാന അർപ്പിക്കുന്ന മാർപാപ്പ ത്രിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങും.
English Summary: Pope Francis visit Hungary