ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെ; കിരീടഭാരമില്ലാതെ കത്തീഡ്രൽ ശാന്തഗംഭീരം
Mail This Article
വികാരങ്ങൾ, സന്തോഷമോ സങ്കടമോ ദേഷ്യമോ, എന്തായാലും പുറത്തുകാണിക്കാത്ത ബ്രിട്ടിഷുകാർ ആ മുഖഭാവത്തിന് ഒരു പേരുമിട്ടു ‘സ്റ്റിഫ് അപ്പർ ലിപ്’. പബ്ലിക് സ്കൂളുകളിൽ തുടങ്ങി സൈന്യത്തിൽ വരെ ഈ രീതി പ്രോൽസാഹിപ്പിച്ചു. രാജവാഴ്ചയോ തിരഞ്ഞെടുപ്പോ എന്തായാലും അവർക്ക് എന്നും ഇതേഭാവം തന്നെ.
ഇന്നലെ ബ്രിട്ടനിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പായിരുന്നു. ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെയും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനമായ കാന്റർബറി കത്തീഡ്രലിൽ പോലും അവരുടെ സഭാത്തലവനായ ചാൾസിന്റെ രാജവാഴ്ചയാണെന്നതിന് പ്രകടമായ സൂചനകളില്ല. പ്രാദേശിക തിരഞ്ഞെടുപ്പാണെന്നു തന്നെ അറിഞ്ഞത് കാന്റർബറി ആർച്ച് ബിഷപ് ആയിരുന്ന തോമസ് ബെക്കിറ്റിന്റെ പേരിലുള്ള പബ്ബിൽ ചെന്നപ്പോഴും. കാലിക പ്രസക്തിയുള്ള, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വാചകങ്ങൾ ഇതിനു മുന്നിൽ എഴുതിവയ്ക്കാറുണ്ട്: ‘Instead of giving a politician locks to the city, wouldn't it be better to change the locks' (രാഷ്ട്രീയക്കാരന് നഗര താക്കോൽ നൽകുന്നതിലും നല്ലത് താഴു തന്നെ മാറ്റുന്നതല്ലേ). ആർച്ച് ബിഷപ് തോമസ് ബെക്കിറ്റിനെ ഹെൻറി രണ്ടാമൻ രാജാവിന്റെ പടയാളികൾ വധിച്ച 12–ാം നൂറ്റാണ്ടിലും ഇന്നും ഒരുപോലെ പ്രസക്തമായ വരികൾ.
∙ കിരീടം, മേഡ് ഇൻ ഇന്ത്യ
കാന്റർബറി കത്തീഡ്രലിന്റെ അകവും പുറവും ഒരുപോലെ ശാന്തം. പുറത്ത് നാലിടങ്ങളിൽ കിരീടധാരണച്ചടങ്ങുമായി ബന്ധപ്പെട്ട കോറണേഷൻ ബാഡ്ജും യൂണിയൻ പതാക തോരണം കെട്ടിയിട്ടിരിക്കുന്നതും കാണാം. ഏറ്റവും പ്രകടമായി കണ്ടത് കത്തീഡ്രലിലെ ഷോപ്പിങ് കേന്ദ്രത്തിലാണ്. ചാൾസ് രാജാവിന്റെയും രാജപത്നി കാമിലയുടെയും പടങ്ങളുള്ള ടേബിൾ മാറ്റ്, ചായക്കോപ്പ മൂടാനുള്ള ടീകോസി, കേക്ക് സ്റ്റാൻഡ്, കിരീട മാതൃകകൾ, മെഡലുകൾ എന്നിങ്ങനെ ഉൽപന്നങ്ങൾ. ചെറിയ സാധനത്തിനു പോലും വില 14 പൗണ്ട് (1400 രൂപ).
കൗതുകം തോന്നിപ്പിച്ചത് കാന്റർബറി എന്നെഴുതിയ ചുവന്ന കിരീടത്തിന്റെ കൊച്ചുമാതൃകയാണ്. അതും ഇന്ത്യയിൽ കൈകൊണ്ട് നിർമിച്ചത്. ‘ഇത് കളിപ്പാട്ടമല്ല’ എന്നും ഒപ്പമുള്ള ടാഗിൽ കുറിച്ചിട്ടുണ്ട്. ‘മേഡ് ഇൻ ചൈന അല്ലാതിരുന്നത് നന്നായി, നല്ല ക്വാളിറ്റിയുണ്ട്’ – തൊപ്പി കൈയിൽ പിടിച്ച് താലോലിച്ച, അമേരിക്കൻ സഹയാത്രിക പറഞ്ഞു.
ഇന്ന് സംഗീതം, നൃത്തം; നാളെ തത്സമയം
കിരീടധാരണച്ചടങ്ങു പ്രമാണിച്ച് ഇന്ന് കാന്റർബറിയിൽ ആഘോഷങ്ങളുണ്ട്. റോയൽ ബ്രിട്ടിഷ് ലീജിയന്റെ സെൻട്രൽ ബാൻഡ് കത്തീഡ്രലിലെത്തും. സംഗീതവും നൃത്തവുമുണ്ട്. ചാൾസിനെ രാജാവായി വാഴിക്കുന്ന നാളത്തെ ചടങ്ങിന്റെ തൽസമയ സംപ്രേഷണമുണ്ടാവും. ഞായറാഴ്ച കാന്റർബറി കത്തീഡ്രലിന്റെ വളപ്പ് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. പിക്നിക് നടത്താം. ഭക്ഷണം പങ്കുവയ്ക്കാം. രാജവാഴ്ചയ്ക്ക് കാർമികത്വം വഹിച്ചശേഷം എത്തുന്ന കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി തന്റെ വ്യക്തിപരമായ അനുഭവങ്ങളും ചാൾസുമായുള്ള സുഹൃദ്ബന്ധവും പങ്കുവയ്ക്കുന്ന ‘റിഫ്ലക്‌ഷൻസും’ (ധ്യാനചിന്തകൾ) ഞായറാഴ്ച നടക്കും. 2150 രൂപയാണ് അവിടെ പ്രവേശനഫീസ്.
English Summary : Coronation of King charles