ADVERTISEMENT

ന്യൂഡൽഹി ∙ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്. 

നേരത്തെ തന്നെ ഇവിടെ കൺട്രോൾ റൂം തുറന്നിരുന്നു. ഖാർത്തൂമിലെ എയർപോർട്ടിനു സമീപമുള്ള ഇന്ത്യൻ എംബസി കെട്ടിടം കനത്ത ആക്രമണം നടക്കുന്ന മേഖലയിലാണ്. ആദ്യ ദിനം തൊട്ടു തന്നെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നായിരുന്നു ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. പലർക്കും രേഖകളും മറ്റുമില്ലാത്തതിനാൽ അവ തയാറാക്കലും മറ്റും എളുപ്പമാക്കാനാണ് പോർട്ട് സുഡാനിലേക്ക് താൽക്കാലികമായി എംബസി മാറ്റിയത്. 

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 62 പേർ കയറിയ വിമാനം ഡൽഹിയിലും 231 പേരുമായി മറ്റൊരു വിമാനം മുംബൈയിലും ഇന്നലെയെത്തി. പോർട്ട് സുഡാനിൽ നിന്ന് 137 പേരെക്കൂടി ഇന്നലെ ജിദ്ദയിലെത്തിച്ചു. 

സുഡാനിൽ ഇന്നു മുതൽ 11 വരെ ഇരുപക്ഷങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് കൂടുതൽപ്പേരെ രക്ഷപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

വെടിനിർത്തൽ ലംഘിച്ച് പലയിടത്തും പോരാട്ടം തുടരുന്നു. സംഘർഷ മേഖലയിൽ നിന്ന് രക്ഷപ്പെട്ട് രാജ്യം വിടാനായി പോർട്ട് സുഡാനിൽ ആയിരക്കണക്കിനാളുകൾ എത്തിയിട്ടുണ്ട്. രണ്ടാഴ്ച പിന്നിട്ട ആഭ്യന്തരയുദ്ധത്തെതുടർന്ന് അതീവ ദുരിതത്തിലുള്ള സുഡാൻ ജനതയെ സഹായിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി യുഎൻ സഹായകാര്യ തലവൻ മാർട്ടിൻ ഗ്രിഫിത്ത് സുഡാനിലെത്തി. സഹായവുമായെത്തുന്ന വാഹനങ്ങൾക്കും വ്യക്തികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ഇരുപക്ഷത്തോടും അഭ്യർഥിച്ചു.

English Summary: Indian embassy in Sudan shifts from Khartoum to Port Sudan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com