ADVERTISEMENT

നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്നു നടക്കും. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ 10.20നു തുടങ്ങും. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർ‍മികത്വത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങ് ശുശ്രൂഷകൾ ഉച്ചയ്ക്ക് 11നു തുടങ്ങും (ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30). 12നാണ് കിരീടധാരണം (ഇന്ത്യൻ സമയം വൈകിട്ട് 4.30). വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് കൊട്ടാരത്തിലേക്ക് ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും മടക്ക ഘോഷയാത്ര ഒന്നിന്. ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും സജ്ജീകരിച്ചിട്ടുണ്ട്. 

കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുള്ള കോമൺവെൽത്ത് രാഷ്ട്രമേധാവികൾക്കായി ബക്കിങ്ങാം കൊട്ടാരത്തിലും മധ്യലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിലും ചാൾസ് രാജാവ് ആതിഥേയനായുള്ള വിരുന്നു നടന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമായും ബ്രിട്ടന്റെ മുൻ കോളനികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺ‍വെൽത്തിന്റെ അധ്യക്ഷൻ ചാൾസ് രാജാവാണ്. 

ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ നീളുന്ന ഘോഷയാത്രയുടെ വഴിയിൽ ഇരുവശങ്ങളിലും ജനങ്ങൾ കാത്തുനിൽപ് തുടങ്ങി. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തിയിട്ടുണ്ട്. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിട്ടുണ്ട്. 

Content Highlights: King Charles III, Coronation of King Charles III, United Kingdom, British Royal Family, Britain, King Charles Coronation Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com