കിരീടംചൂടി രാജവീഥിയും; ആവേശപൂർവം ജനാവലി
Mail This Article
കാത്തിരിപ്പ് തീരുന്നതിന്റെ പ്രകാശം ആകാശത്ത് അഞ്ചു മണിക്കേ തെളിഞ്ഞു. ഒരു കാലത്ത് സൂര്യനസ്തമിക്കാതിരുന്ന രാജ്യത്ത് ഇന്നു നേരത്തേ പകലായി. ഈ ദിനം തീരും മുൻപു കിരീടം ധരിച്ചെത്തുന്ന രാജാവിനെ കാണാൻ പ്രജകൾ എത്തി.
വാഹനങ്ങൾ 2 കിലോമീറ്റർ മുൻപു തടഞ്ഞു. നല്ല തണുപ്പത്ത് നല്ല നടപ്പ്. ചൂടാക്കാൻ പൊലീസുകാരുടെ വക ഗുഡ് മോണിങ്. ബക്കിങ്ങാം പാലസ് മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെയുളള 2 കിലോമീറ്റർ 7 മണിയായപ്പോഴേ നിറഞ്ഞു.
റോഡിന് ഒരു വശത്തെ പച്ചപ്പിൽ തമ്പടിച്ചു കാത്തു കിടന്ന ചിലരുടെ കൂടാരങ്ങൾ പൊലീസ് നീക്കം ചെയ്തു. കൂടുതൽ പേർക്കായി സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
കാത്തിരിപ്പ് ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല. യൂണിയൻ ഫ്ലാഗ് നിറങ്ങളുള്ള തൊപ്പിയും വസ്ത്രങ്ങളും കിരീട മാതൃകകളും ധരിച്ചെത്തിയവർ എന്തിലും ആനന്ദം കണ്ടു. ഘോഷയാത്ര പോകേണ്ട വീഥിയിൽ കൂടി വാഹനവുമായി പോയ വനിതയായിരുന്നു ആദ്യ ഇര. ജനം ആഘോഷമായി കൈയടിച്ചു. അവർ ആവേശത്തോടെ തന്നെ അഭിവാദ്യങ്ങൾ നൽകി കടന്നു പോയി.
മുഴുവൻ യൂണിയൻ പതാക മാത്രമുള്ള കാനഡക്കാരൻ സ്‌റ്റീവൻ ‘ആപ് കോ ഹിന്ദി മാലൂം’ എന്ന എന്നോട് ചോദിച്ചു. 'അൽപം’ എന്നു മറുപടി പറഞ്ഞ എന്നോട്, ‘എനിക്ക് മലയാളവും അതേ പോലെ തന്നെ’ എന്നു പറഞ്ഞ് സ്റ്റീവൻ പോയി.
തികച്ചും ഇന്റർനാഷനലായിരുന്നു കാത്തിരിപ്പുകാരുടെ കാഴ്ച. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ആളെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവരിലാണ് കാഴ്ചക്കാരിലേക്കാൾ കൂടുതൽ ഇന്ത്യക്കാരെ കണ്ടത്.
ആബിയിലേക്കുള്ള ആദ്യ ഘോഷയാത്ര കാണാൻ ഏതാണ്ട് 10 മണിക്കൂർ കാത്തിരുന്നു. പിന്നീട് കിരീടധാരണം കഴിഞ്ഞുള്ള മടക്ക ഘോഷയാത്രയിലെ രാജകീയ ദർശനത്തിനായുള്ള കാത്തിരിപ്പ്. എല്ലാം നന്നായി കാണാൻ ഒരു കസേരയിട്ട് അതിൽ കയറി നിൽക്കാൻ ശമിച്ച ഒരാളുടെ അടുത്തേക്കു പൊലീസ് ഓടിയെത്തി പരിശോധന നടത്തിയെന്നല്ലാതെ സുരക്ഷയിലെ കർക്കശ നീക്കങ്ങൾ കണ്ടതുമില്ല. ഇത് രാജാവിന്റെ മാത്രമല്ല ജനങ്ങളുടെ കൂടി ദിവസമാണല്ലോ.
English Summary : Coronation ceremony of King Charles III