ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ (70) അഴിമതിവിരുദ്ധകോടതി 8 ദിവസത്തേക്കു സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, അധികാരത്തിലിരിക്കെ ലഭിച്ച വിദേശസമ്മാനങ്ങൾ മറിച്ചുവിറ്റെന്ന തോഷഖാനകേസിൽ മറ്റൊരു കോടതി ഇമ്രാനെതിരെ കുറ്റം ചുമത്തി. തെരുവുപ്രതിഷേധങ്ങൾ ഇന്നലെയും തുടർന്നു. അക്രമസംഭവങ്ങളിൽ 5 പേർ കൊല്ലപ്പെട്ടു.

2018 നും 2022 നും ഇടയിൽ ലഭിച്ച ആഡംബര സമ്മാനങ്ങൾ വിറ്റെന്ന കേസിൽ കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാനെ അയോഗ്യനാക്കിയിരുന്നു. കമ്മിഷൻ നൽകിയ കേസിലാണു സെഷൻസ് കോടതി ജഡ്ജി ഹുമയൂൺ ദിലവാർ ഇന്നലെ കുറ്റംചുമത്തിയത്.

ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ അഴിമതി ആരോപിച്ചാണ് ചൊവ്വാഴ്ച ഇമ്രാനെ അറസ്റ്റ് ചെയ്തത്. അഴിമതിവിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ബഷിറാണ് ഇന്നലെ ഇമ്രാനെ റിമാൻഡ് ചെയ്തത്. ഇതേ ജഡ്ജി തന്നെയാണു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയത്തെയും അനധികൃതസമ്പാദ്യക്കേസിൽ ശിക്ഷിച്ചത്. പൊലീസ് ആസ്ഥാനത്തോടു ചേർന്നുള്ള സുരക്ഷാമേഖലയിലെ പൊലീസ് ഗെസ്റ്റ്ഹൗസിലാണു ഇമ്രാനെ പാർപ്പിച്ചിട്ടുള്ളത്.

അറസ്റ്റിനെതിരെ ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പഞ്ചാബ് പ്രവിശ്യയിൽ ആയിരത്തിലേറെപ്പേർ അറസ്റ്റിലായി. വിവിധ നഗരങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനം റദ്ദാക്കി. പ്രതിഷേധക്കാർ ഒട്ടേറെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സൈന്യമിറങ്ങി.

 

English Summary: Imran Khan under custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com