പാക്ക് രാഷ്ട്രീയം: കോടതി കളത്തിലേക്ക്
Mail This Article
ന്യൂഡൽഹി ∙ ‘കണ്ടതിൽ സന്തോഷമുണ്ട്’ എന്ന് തുറന്നുപറഞ്ഞകൊണ്ടാണ് കഴിഞ്ഞദിവസം ഹാജരായ ഇമ്രാൻ ഖാനെ ചീഫ് ജസ്റ്റിസ് ആട്ട ബന്ദ്യാൽ സ്വീകരിച്ചത്. തുടർന്ന് ജാമ്യം നൽകുകയും ചെയ്തു.
ഒരു കൊല്ലത്തോളം രാഷ്ട്രീയക്കളികളിൽനിന്ന് മാറിനിന്ന കോടതി വീണ്ടും കളിക്ക് ഒരുങ്ങിയിരിക്കുകയാണ്. കോടതിയുടെ അകത്തുകയറി ഇമ്രാനെ അറസ്റ്റ് ചെയ്തതാകും അവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
5 കൊല്ലം മുമ്പ് അധികാരത്തിലെത്താൻ സൈന്യവും കോടതിയുമാണ് ഇമ്രാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് കഴിഞ്ഞകൊല്ലം പുറത്തായത്.
രാഷ്്ട്രീയപാർട്ടികളും സൈന്യവും തമ്മിലുള്ള ഒത്തുകളികളിലൂടെ സർക്കാരുകൾ വരികയും പോവുകയും ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ 2007 മുതലാണ് കോടതികൾ മൂന്നാമതൊരു ഘടകമായത്. സൈന്യം അറസ്റ്റ് ചെയ്ത പലരെയും കോടതികൾ തെളിവില്ലാതെ വിട്ടപ്പോൾ അന്നത്തെ ഭരണാധികാരി ജനറൽ പർവേസ് മുഷറഫ് ചീഫ് ജസ്റ്റിസിനെ പുറത്താക്കി.
ഇതിനെതിരെ അഭിഭാഷക ലോകവും മറ്റു ജഡ്ജിമാരും പൊതു സമൂഹവും ബഹളമുണ്ടാക്കി. അത് ഒടുവിൽ മുഷറഫിന്റെ പതനത്തിനു വഴിയൊരുക്കി.
തുടർന്നുള്ള രാഷ്ട്രീയമാറ്റങ്ങളിലെല്ലാം കോടതിയും ഒരു ഘടകമായിരുന്നു. 2012 ൽ യൂസഫ് ഗീലാനിയുടെയും 2018 ൽ നവാസ് ഷറീഫിന്റെയും പതനത്തിന് കാരണമായത് കോടതിവിധികളായിരുന്നു.
മുഖ്യധാരാകക്ഷികളായ പീപ്പിൾസ് പാർട്ടി, മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ ഇമ്രാന്റെ പാർട്ടിക്കാർ ഫയൽ ചെയ്ത അഴിമതിക്കേസുകളിൽ മിക്കവയും കോടതി ശരിവച്ചത് ഇമ്രാന് സഹായമായി. കോടതിയോടൊപ്പം സൈന്യം കൂടി സഹായിച്ചാണ് 2018 ൽ അദ്ദേഹം അധികാരത്തിലെത്തിയത്.
തുടർന്ന് ആദ്യത്തെ 3 കൊല്ലം കോടതിയും സൈന്യവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുൻ സർക്കാരുകളിലെ അഴിമതിക്കാരായ നേതാക്കളെ കോടതിവിധികളിലുടെ തടവിലാക്കിക്കൊണ്ടായിരുന്നു ഭരണം നടത്തിയത്.
കഴിഞ്ഞകൊല്ലം സൈന്യവും ഇമ്രാനും തമ്മിലുള്ള ബന്ധം ഉലഞ്ഞപ്പോൾ കോടതിക്ക് കൈയും കെട്ടി നിൽക്കേണ്ടിവന്നു. പാർലമെന്റിലെ അവിശ്വാസപ്രമേയം തടയാനുതകുന്ന കാരണങ്ങൾ കോടതിയെ ബോധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല; അർദ്ധരാത്രിയിൽ കോടതി തുറന്ന് പരാതികേൾക്കാൻ തയ്യാറായിട്ടുപോലും.
ഇപ്പോൾ വീണ്ടും കോടതി ഇമ്രാന് സഹായവുമായി എത്തിയിരിക്കയാണ്. പഴയ മുഖ്യധാരാപാർട്ടികളുടെ അഴിമതിക്കെതിരെ പ്രവർത്തിച്ചവരെന്ന ഇമേജ് ഇന്നും ഇമ്രാനും കോടതിക്കുമുണ്ട്. സൈന്യത്തിനെതിരെ ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ച ഖാസി ഫയ്സ് ഈസ സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസ് ആകുന്നതോടെ കളി ഇനിയും വാശിയേറിയതാവുമെന്ന് കരുതാം.
English Summary : Pakistan Politics