ADVERTISEMENT
COLOMBIA-RESCUE/
രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ സഹായിച്ച ഗോത്രവർഗ നേതാവിനെ അഭിനന്ദിക്കുന്ന ഉദ്യോഗസ്ഥൻ. ( REUTERS/Luisa Gonzalez)

ബോഗട്ട ∙ ആ പേരു വെറുതെയായിരുന്നില്ല – ‘ഓപ്പറേഷൻ ഹോപ്’. അതീവ ദുഷ്കരമായ ഈ തിരച്ചിൽ ദൗത്യത്തിന് അങ്ങനെയാണു പേരിട്ടിരുന്നത്. സൈന്യത്തിൽ പ്രത്യേക ദൗത്യങ്ങൾക്കായുള്ള സംയുക്ത കമാൻഡിൽനിന്നുള്ള 160 പേരെയാണു തിരച്ചിലിനു നിയോഗിച്ചത്. കാടറിവുകളുമായി 200 ഗോത്രവർഗക്കാർ കൂടി അവർക്കൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇപ്പോൾ പോലും കുട്ടികളെ കണ്ടെത്താനാകുമായിരുന്നില്ല. മനുഷ്യർക്ക് എത്തിപ്പെടാനാകാത്ത ദുർഘട മേഖലകളിൽ ബൽജിയൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട തിരച്ചിൽ നായ്ക്കളെയും കൂട്ടി. അവയാണു കുട്ടികൾ ഉപയോഗിച്ചിരുന്ന വെള്ളക്കുപ്പിയും കത്രികയും ഹെയർബാൻഡും മറ്റും തിരഞ്ഞുകണ്ടെത്തിയത്. ഇതോടെ പ്രതീക്ഷയേറി.

വനത്തിൽ 323 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരുന്നു തിരച്ചിൽ. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ അവരുടെ മുത്തശ്ശിയുടെ സ്വരം റിക്കോർഡ് ചെയ്ത് മെഗാഫോണിൽ കേൾപ്പിച്ചുകൊണ്ട് ഹെലികോപ്റ്റർ പറന്നു. ഭക്ഷണ പാക്കറ്റുകളും പലയിടത്തായി വിതറി. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ലഘുലേഖകൾ വരെ ആകാശത്തുനിന്നു പറത്തിവിട്ടു.

ഗറില സംഘങ്ങളുടെ ഉപേക്ഷിക്കപ്പെട്ട ടെന്റുകൾ ചിലയിടങ്ങളിൽ കണ്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. രണ്ടുസംഘങ്ങൾ തമ്മിൽ പ്രഖ്യാപിച്ചിരുന്ന വെടിനിർത്തൽ അവസാനിപ്പിച്ചതറിഞ്ഞ് ആ മേഖലയിൽ തിരച്ചിൽ നിർത്തിവയ്ക്കേണ്ടിവന്നു. കുട്ടികൾ ജീവിച്ചിരിപ്പുണ്ടാകാമെന്ന ചില സൂചനകൾ കിട്ടിയെങ്കിലും എങ്ങും കണ്ടെത്താനാകാത്തത് ആശയക്കുഴപ്പവും പിരിമുറുക്കവും കൂട്ടി. അതേസമയം, ഒരു വിവരവും കിട്ടാത്തതു കുട്ടികൾ ജീവനോടെയുണ്ടെന്ന ശുഭാപ്തിവിശ്വാസമാണു പകരുന്നതെന്നു 2 ദിവസം മുൻപ് ബ്രിഗേഡിയർ ജനറൽ പെട്രോ സാഞ്ചെസ് പറഞ്ഞു. മരിച്ചിരുന്നുവെങ്കിൽ മൃതദേഹങ്ങൾ ഇതിനകം കിട്ടുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ആ പ്രതീക്ഷ സഫലമായി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആർമി റേഡിയോ ആവേശത്തോടെ വിളിച്ചുപറഞ്ഞു– ‘അദ്ഭുതം, അദ്ഭുതം...’ അതെ, അവരെ കണ്ടെത്തിയ നിമിഷം. 10 സൈനികരും 8 ഗോത്രവർഗക്കാരും ഉൾപ്പെടുന്ന സംഘത്തെ കുട്ടികളിലേക്കു നയിച്ചത് ഒരു തിരച്ചിൽ നായയാണ്. 4 മനുഷ്യജീവനുകൾ വീണ്ടെടുത്ത ഈ ദൗത്യത്തിന് ഒരു നഷ്ടത്തിന്റെ കഥയും പറയാനുണ്ട്. കാടിന്റെ ഉള്ളിലേക്കു പോയ വിൽസൻ എന്ന നായ. അതിപ്പോഴും കാണാമറയത്ത്...

English Summary: Amazon operation hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com