ആ നാലു കുഞ്ഞുങ്ങളെ 40 നാൾ കാത്തു ‘അമ്മസോൺ’ കാട് !
Mail This Article
നീണ്ട 40 നാളുകൾ ഞങ്ങൾ മാത്രമല്ല, ലോകമാകെ കാത്തിരുന്ന ആ ശുഭവാർത്ത ഇതാ: വിമാനം തകർന്ന് കൊളംബിയയിലെ ആമസോൺ കാട്ടിലകപ്പെട്ട ഞങ്ങളുടെ 4 കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. അവർ 4 സഹോദരങ്ങൾ. നാലും ഒൻപതും പതിമൂന്നും വയസ്സുള്ള 3 പെൺകുട്ടികൾ, ഒരു വയസ്സുമാത്രമുള്ള അവരുടെ കുഞ്ഞനുജൻ. ഘോരവനത്തിനുള്ളിൽനിന്നാണ് കാര്യമായ പരുക്കുകളില്ലാതെ അവരെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇവിടത്തെ സമയം വൈകിട്ട് അഞ്ചിനാണ് ഇവരെ കണ്ടെത്തിയതായി ആർമി റേഡിയോ പ്രഖ്യാപിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം 4 പേരെയും ഇന്നലെ പുലർച്ചെ വിമാനത്തിൽ കൊളംബിയൻ തലസ്ഥാനമായ ബോഗട്ടയിലെത്തിച്ച് ആശുപത്രിയിലാക്കി. നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പാടുകളുമല്ലാതെ മറ്റു കാര്യമായ പ്രശ്നങ്ങളില്ല.
മേയ് ഒന്നിന് അമ്മ മഗ്ദലീനയ്ക്കൊപ്പമായിരുന്നു 4 കുട്ടികളുടെയും വിമാനയാത്ര. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന സെസ്ന 206 എന്ന ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉൾക്കാട്ടിൽ എൻജിൻ തകരാർ മൂലം തകർന്നുവീഴുകയായിരുന്നു. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15നാണു വിമാനം കണ്ടെത്തിയത്. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തുണ്ടായിരുന്നു.
ഇവിടെനിന്നു 3 കിലോമീറ്റർ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമിച്ചതെന്നു സംശയിക്കുന്ന ചെറിയ കൂരയും കുറച്ചു കഴിച്ചശേഷം ബാക്കിവച്ച പാഷൻഫ്രൂട്ടും വെള്ളക്കുപ്പിയും മറ്റും കണ്ടെത്തി. ഇതോടെയാണ് ഇവർ രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയുണർന്നതും തിരച്ചിൽ ഊർജിതമാക്കിയതും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികളുള്ള സ്ഥലത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. സൈന്യവും ഗോത്രവർഗക്കാരും ചേർന്നു പിറ്റേന്നു കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികളുടെ അച്ഛൻ മാനുവൽ റണോക്കും തിരച്ചിലിൽ പങ്കെടുത്തു. മാനുവലിനെ കാണാനായി മഗ്ദലീന കുട്ടികളുമൊത്തു നടത്തിയ യാത്രയിലായിരുന്നു അപകടം.
(കൊളംബിയയിലെ പ്രമുഖ മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ സലൂദ് ഹെർണാണ്ടസ് മോറ തിരച്ചിൽ സംഘത്തിനൊപ്പം കാട്ടിൽ പോയിരുന്നു).
English Summary: Colombia plane crash: Four children found alive in Amazon after 40 days