ADVERTISEMENT

ബോസ്റ്റൺ ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്.

3,500 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് പേടകത്തിനു പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. തുടർന്നുള്ള 100 മീറ്ററിനുള്ളിൽ ഉഗ്ര ഉൾസ്ഫോടനമുണ്ടായെന്നും 30 മില്ലിസെക്കൻഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്.

ടൈറ്റൻ പേടകം ആഴക്കടൽ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. പേടകത്തിന്റെ രൂപംതന്നെ അപകടകരമായിരുന്നെന്നു ‘ടൈറ്റാനിക്’ സിനിമയുടെ സംവിധായകനും സമുദ്രപേടക നിർമാണക്കമ്പനി ഉടമയുമായ ജയിംസ് കാമറൺ പറഞ്ഞു.

ടൈറ്റൻ പേടകത്തിനുള്ളിലെ 1.5 എടിഎം മർദത്തെ പുറത്തുള്ള 350 എടിഎം (223 മടങ്ങ് അധികം) മർദം ഞെരുക്കുമ്പോൾ പേടകത്തിന്റെ ചെറിയതകരാർ പോലും ഉൾസ്ഫോടനത്തിനു കാരണമാകുമെന്നും പറയപ്പെടുന്നു. 

Content Highlight: Titan Submersible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com