വാഗ്നർ ഉടമ പ്രിഗോഷിന്റെ മെനുവിൽ ബിസിനസ് മുതൽ യുദ്ധം വരെ; വളർച്ച പുട്ടിനൊപ്പം
Mail This Article
‘പുട്ടിന്റെ ഷെഫ്’ എന്നാണ് വാഗ്നർ സൈന്യത്തിന്റെ ഉടമയും റഷ്യൻ ശതകോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷിൻ (62) അറിയപ്പെടുന്നത്. നേരത്തേ ക്രെംലിനിലെ കേറ്ററിങ് കരാറുകൾ ഏറ്റെടുത്തു നടത്തിയിരുന്നത് പ്രിഗോഷിന്റെ കമ്പനിയാണ്. വിദേശനേതാക്കൾക്കുള്ള പുട്ടിന്റെ വിരുന്നുകളിൽ ഉൾപ്പെടെ പ്രിഗോഷിൻ സന്നിഹിതനായിരുന്നു.
പുട്ടിനെപ്പോലെ പ്രിഗോഷിനും സെന്റ് പീറ്റേഴ്സ്ബർഗുകാരനാണ്. 1981 ൽ മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട് 9 വർഷം സോവിയറ്റ് ജയിലിൽ കഴിഞ്ഞു. പുറത്തുവന്നശേഷം ഹോട്ട്ഡോഗ് വിൽപനയും വൈകാതെ സൂപ്പർമാർക്കറ്റ് ശൃംഖലയും തുടങ്ങി. റസ്റ്ററന്റും കേറ്ററിങ് കമ്പനിയുമൊക്കെയായി വളർന്നു. അക്കാലത്താണ് പുട്ടിൻ സെന്റ് പീറ്റേഴ്സ് ബർഗിൽ ഡപ്യൂട്ടി മേയറാകുന്നത്. പ്രിഗോഷിന്റെ കേറ്ററിങ് കമ്പനിക്കു സർക്കാർ കരാറുകൾ കിട്ടിത്തുടങ്ങി.
പുട്ടിനൊപ്പം വളർന്ന പ്രിഗോഷിൻ ഇന്നു റഷ്യയിലെ ഏറ്റവും പരിചിതനായ അഞ്ചാമത്തെ മുഖമായാണു കണക്കാക്കപ്പെടുന്നത്. പുട്ടിൻ, പ്രധാനമന്ത്രി മിഖയിൽ മിഷുസ്തിൻ, വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്, പ്രതിരോധമന്ത്രി സെർഗെയ് ഷൈഗു എന്നിവരാണ് ആദ്യ 4 സ്ഥാനക്കാർ. സ്റ്റാലിന്റെ ആരാധകർക്കിടയിലും പ്രിഗോഷിനു താരമൂല്യമുണ്ട്.
റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജിആർയുവിൽ 2013 വരെ പ്രവർത്തിച്ച ലഫ്.കേണൽ ദമിത്രി ഉട്കിനാണ് വാഗ്‌നർ ഗ്രൂപ്പ് സ്ഥാപിച്ചത്. ഹിറ്റ്ലറുടെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു റിച്ചഡ് വാഗ്‌നർ. നിയോ നാത‌്സിയായിരുന്ന ഉട്കിൻ അതുകൊണ്ടാകാം, ‘വാഗ്‌നർ’ തന്റെ വിളിപ്പേരാക്കി. സ്വകാര്യസേനയ്ക്കും ആ പേരു വന്നു. എന്നാൽ ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസ്സ് പ്രിഗോഷിനായിരുന്നു.
ഇതൊരു സൈനിക ഗ്രൂപ്പാണെന്നു പ്രിഗോഷിൻ ആദ്യമായി തുറന്നുസമ്മതിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മുൻപ് ഇങ്ങനെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ് നൽകുക വരെ ചെയ്തിരുന്നു.
യുക്രെയ്ൻ യുദ്ധത്തിനായി വാഗ്‌നർ ഗ്രൂപ്പിലേക്കു റഷ്യൻ തടവുകാരെ റിക്രൂട്ട് ചെയ്യുന്നത് മുൻപു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുൻനിരപോരാട്ടത്തിൽ 6 മാസം പങ്കെടുത്താൽ ജയിൽമോചനം എന്നു വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്മെന്റ്. സിറിയ, ലിബിയ എന്നിവിടങ്ങളിൽനിന്നുള്ള പട്ടാളക്കാർ വരെ ഇപ്പോൾ വാഗ്നർ ഗ്രൂപ്പിലുണ്ട്.
കൂലിപ്പട്ടാളമായി പോരാടാൻ പോയ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനന കരാറുകൾ നേടി. ഇവിടെ 2018 ൽ 3 റഷ്യൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നിൽ വാഗ്നർ ഗ്രൂപ്പിനു പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. പ്രിഗോഷിൻ സ്ഥാപിച്ച ‘ട്രോൾ ഫാക്ടറി’ 2016 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.
English Summary: Life of Wagner Group leader Yevgeny Prigozhin