ADVERTISEMENT

പാരിസ് ∙ ലോകസിനിമയിലെ ഇതിഹാസം ചാർലി ചാപ്ലിന്റെയും ബ്രിട്ടിഷ് നടി ഊന ഒനീലിന്റെയും മകളായ ചലച്ചിത്രതാരം ജോസഫൈൻ ചാപ്ലിൻ (74) അന്തരിച്ചു. 

പാവ്ളോ പസോളിനിയുടെ ‘കാന്റർബറി ടെയ്ൽസ്’ (1971), മെനഹം ഗോലന്റെ എസ്കേപ് ടു ദ് സൺ (1972), വിറ്റോറിയോ ഡിസിക്കയ്ക്കും മോറിസ് റൊനെയ്ക്കും ഒപ്പം അഭിനയിച്ച ലോദെർ ലെ ഫൂവ് (1972), ക്ലൗസ് കിൻസ്കിക്കൊപ്പം ജാക്ക് ദ് റിപ്പറിന്റെ ജർമൻ പതിപ്പ് (1976) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. പാരിസിൽ സ്ഥിരതാമസമാക്കി ഫ്രഞ്ച് സിനിമയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. 

നൊബേൽ ജേതാവായ നാടകകൃത്ത് യുജീൻ ഒനീലിന്റെ മകളായ ഊന ഒനീലിന്റെയും ചാപ്ലിന്റെയും മൂന്നാമത്തെ കുട്ടിയായി കലിഫോർണിയയിലെ സാന്റ മോണിക്കയിൽ 1949 മാർച്ച് 28നാണു ജനനം. അച്ഛൻ സംവിധാനം ചെയ്ത് അഭിനയിച്ച ലൈംലൈറ്റ് (1952) എന്ന ചിത്രത്തിലൂടെ മൂന്നാം വയസ്സിൽ സിനിമയിലെത്തി. എ കൗണ്ടസ് ഫ്രം ഹോങ്കോങ് (1967) എന്ന ചാപ്ലി‍ൻ ചിത്രത്തിലും അഭിനയിച്ചു. 

ചാർലി ചാപ്ലിൻ 53–ാം വയസ്സിലാണ് 18 വയസ്സുകാരി ഊനയെ വിവാഹം ചെയ്തത്. നാലാമത്തെ വിവാഹമായിരുന്നു. ഈ വിവാഹത്തിലുൾപ്പെടെ ചാപ്ലിന് 11 മക്കളുണ്ട്. 

1978 ൽ ചാപ്ലിൻ മരിച്ചപ്പോൾ മൃതശരീരം അടക്കം ചെയ്ത പെട്ടി മോഷ്ടിച്ചവർ ജോസഫൈൻ ഉൾപ്പെടെ ബന്ധുക്കളുമായാണു വിലപേശിയത്. പണം നൽകാൻ വിസമ്മതിച്ചപ്പോൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു കളഞ്ഞ ശവപ്പെട്ടി രണ്ടര മാസം കഴിഞ്ഞാണു കണ്ടെത്തിയത്. 

English Summary: Charlie Chaplin's daughter Josephine passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com