പല്ലു മുളയ്ക്കാനും മരുന്ന് !
Mail This Article
ടോക്കിയോ ∙ മരുന്നു കഴിച്ചാൽ പല്ലുണ്ടാകുമോ ? ഇത്തരമൊരു വിപ്ലവകരമായ പരീക്ഷണത്തിലാണ് ജപ്പാനിലെ ഓസകയിൽ മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കിതാനോ ഹോസ്പിറ്റലിലെ ഗവേഷകസംഘം. അടുത്തവർഷം ജൂലൈയിൽ ആരംഭിക്കുന്ന ക്ലിനിക്കൽ ട്രയൽ വിജയമായാൽ 2030 ആകുന്നതോടെ മരുന്നിന് അംഗീകാരം പ്രതീക്ഷിക്കാം.
ഡോ. കത്‌സു തകാഹാഷിയുടെ നേതൃത്വത്തിൽ 2018 ൽ എലികളിൽ പരീക്ഷണം നടത്തിയിരുന്നു. യുഎസ്എജി–1 എന്ന പ്രോട്ടീനിന്റെ വളർച്ച ആന്റിബോഡി ഉപയോഗിച്ചു തടഞ്ഞപ്പോൾ എലികൾക്കു പുതിയ പല്ലു വന്നു. പല്ലുകളുടെ വളർച്ചയ്ക്കു സഹായകരമായ ജീനുകളെക്കുറിച്ചു യുഎസിൽ നേരത്തേ തന്നെ ഗവേഷണം നടക്കുന്നുണ്ട്. ഇവയെല്ലാം സംയോജിപ്പിച്ചാണു തുടർഗവേഷണം. എന്നാൽ, മൃഗങ്ങളിലെ പരീക്ഷണഫലം അതേപോലെ മനുഷ്യരിലും ഉറപ്പു പറയാനാകില്ലെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷനിലെ ഡോ. എറീൻ കെന്നഡി പറയുന്നു. എവിടെ, എതു രൂപത്തിൽ, എത്ര പല്ലുകൾ വളർത്തിയെടുക്കാം എന്നതിലടക്കം വെല്ലുവിളികളേറെ.
English Summary: Clinical Experiment for Tooth Regrowth Medicine