സ്പെയിനിലും കാനഡയിലും കാട്ടുതീ; ആളുകളെ ഒഴിപ്പിച്ചു
Mail This Article
ബാർസിലോന ∙ യുഎസ് ദ്വീപു സംസ്ഥാനമായ ഹവായിക്കു പിന്നാലെ സ്പെയിനിലും കാനഡയിലും കാട്ടുതീ പടരുന്നു. ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ഹവായ് മൗവിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും തിങ്കളാഴ്ച ഹവായ് സന്ദർശിക്കും.
സ്പെയിനിലെ കാനറി ദ്വീപിൽ 30 കിലോമീറ്റർ ചുറ്റളവിൽ പടർന്ന കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ നശിച്ചു. 7,600 പേരെ മാറ്റിപ്പാർപ്പിച്ചു. 40 വർഷത്തിനിടെ ദ്വീപിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച തീ ദുർഘടമായ പർവതപ്രദേശത്താണു കേന്ദ്രീകരിച്ചിരിക്കുന്നത്.
കാനഡയിൽ വടക്കൻ നഗരമായ യെല്ലോനൈഫിനു സമീപമാണ് കാട്ടുതീ പടർന്നത്. 20,000 പേരെ ഒഴിപ്പിച്ചു. അരലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ പ്രദേശത്തേക്ക് കഷ്ടിച്ച് ഒരു റോഡ് മാത്രമാണുള്ളത്. യെല്ലോനൈഫിൽ നിന്നു 16 കിലോമീറ്റർ അകലെയാണു തീയെങ്കിലും വരണ്ട കാലാവസ്ഥ മൂലം വേഗം പടരാനിടയുണ്ടെന്നതാണ് ആശങ്ക. കാനഡയിലൊട്ടാകെ ആയിരത്തോളം ഇടങ്ങളിൽ തീപിടിത്തമുണ്ടായി.
ഹവായിയിലെ മൗവിയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ പെട്ടു കാണാതായവർക്കുവേണ്ടി നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ദുരന്തമേഖലയുടെ പകുതിയോളം മാത്രമേ പരിശോധന നടന്നിട്ടുള്ളൂ. ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പട്ടണത്തെ ചുട്ടെരിച്ച കാട്ടുതീയിൽ 2200 കെട്ടിടങ്ങളും 850 ഹെക്ടർ പ്രദേശവും വെണ്ണീറായി.
English Summary : Wild fire in Spain and Canada