മോസ്‌കോ ∙ റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാൻഡർ ദൗത്യം ‘ലൂണ 25’  നിയന്ത്രണമറ്റ് ചന്ദ്രനിൽ തകർന്നുവീണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോമോസ് അറിയിച്ചു. 47 വർഷത്തിനുശേഷം റഷ്യ വിട്ട ചാന്ദ്രദൗത്യമാണു പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ ദൗത്യത്തിന്റെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രയാൻ 3നു മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയ, ഒരുവർഷം കാലാവധിയുള്ള ദൗത്യത്തിന്റെ ലക്ഷ്യം ചന്ദ്രമണ്ണിന്റെ സാംപിൾ, ജലസാന്നിധ്യം എന്നിവയുടെ വിലയിരുത്തലായിരുന്നു.

ഇതിനിടെ ചന്ദ്രയാൻ -3  ലാൻഡർ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന അവസാന ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കൽ) വിജയമായതോടെ ലാൻഡിങ്ങിനുള്ള തയാറെടുപ്പുകൾ ഐഎസ്ആർഒ തുടങ്ങി. മുന്നോടിയായി ലാൻഡിങ്ങിന്റെ സമയം പുനഃക്രമീകരിച്ചു.  മുൻപ് തീരുമാനിച്ചതിലും 17 മിനിറ്റ് വൈകി 23നു വൈകിട്ട് 6.04നായിരിക്കും ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ (എൽഎം) ചന്ദ്രനിലിറങ്ങുക.  ലാൻഡർ ചന്ദ്രോപരിതലത്തോട് 25 കിലോമീറ്റർ വരെ അടുത്തെത്തിയിട്ടുണ്ട്.

ചന്ദ്രനിലിറക്കം ഇങ്ങനെ

വിവിധ ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് പതിയെ താഴുന്ന ലാൻഡർ ഏകദേശം 100 മീറ്റർ ഉയരത്തിലെത്തിയ ശേഷം ചന്ദ്രോപരിതലം സ്കാൻ ചെയ്ത് തടസ്സങ്ങൾ വിലയിരുത്തും. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ, വേഗം കൃത്യമായി നിർണയിക്കും, തുടർന്നാണു സോഫ്റ്റ് ലാൻഡിങ്. ശേഷം ലാൻഡറിന്റെ വാതിൽ തുറന്ന് റാംപിലൂടെ റോവർ പുറത്തിറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ റോവർ സഞ്ചരിക്കും. ലാൻഡിങ് 23നു വൈകിട്ട് 5.27 മുതൽ തൽസമയം ഡിഡി നാഷനൽ ചാനലിലും ഐഎസ്ആർഒയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും തൽസമയം സംപ്രേഷണം ചെയ്യും.

English Summary: Russia’s Lunar mission crash lands; Count down begins for Chandrayan