ഡയാന രാജകുമാരിയോടൊപ്പം അപകടത്തിൽ മരിച്ച ദോദിയുടെ പിതാവ് മുഹമ്മദ് അൽ ഫയാദ് അന്തരിച്ചു
Mail This Article
ലണ്ടൻ ∙ ഈജിപ്ഷ്യൻ കോടീശ്വരനും ഡയാന രാജകുമാരിയോടൊപ്പം കാറപടകത്തിൽ മരിച്ച ദോദി അൽ ഫയാദിന്റെ പിതാവുമായ മുഹമ്മദ് അൽ ഫയാദ് (94) അന്തരിച്ചു. ഹാരോഡ്സ് ഡിപ്പാർട്മെന്റ് സ്റ്റോർ, ഫുൾഹാം ഫുട്ബോൾ ക്ലബ്, പാരിസിലെ റിറ്റ്സ് ഹോട്ടൽ തുടങ്ങിയ വൻകിട സംരംഭങ്ങളുടെ അമരക്കാരനാണ്.
പ്രൈമറി സ്കൂൾ അധ്യാപകന്റെ മകനായി 1929 ൽ ഈജിപ്തിൽ ജനിച്ച അൽ ഫയാദ് 1970 കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. ആദ്യ ഭാര്യ സമീറ ഖഷോഗിയുടെ ബന്ധുക്കളിലൂടെയാണ് അൽ ഫയാദ് വ്യവസായരംഗത്തു ചുവടുറപ്പിച്ചത്. കൊല്ലപ്പെട്ട സൗദി അറേബ്യൻ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ബന്ധുവാണ് സമീറ.
1960 കളിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ദുബായ് വികസനത്തിൽ അൽ ഫയാദിനെ പങ്കാളിയാക്കി. തുടർന്ന് ഒട്ടേറെ ബ്രിട്ടിഷ് കമ്പനികളെ അദ്ദേഹം ദുബായിൽ അവതരിപ്പിച്ചു. 1966 ൽ ബ്രൂണെ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെ സാമ്പത്തിക ഉപദേഷ്ടാവായി. 1979 ൽ പാരിസിലെ റിറ്റ്സ് ഹോട്ടൽ വിലയ്‌ക്കു വാങ്ങിയ അൽ ഫയാദ് 1984 ൽ ഹാരോഡ‍്സ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ ഉടമകളായ ഹൗസ് ഓഫ് ഫ്രേസറിന്റെ 30% ഓഹരികൾ വാങ്ങി. ഈ ഇടപാട് ബ്രിട്ടണിൽ വലിയ വിവാദങ്ങളുണ്ടാക്കുകയും മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 1998 ൽ അൽ ഫയാദ് അറസ്റ്റിലാവുകയും ചെയ്തു.
രണ്ടു വട്ടം അൽ ഫയാദ് ബ്രിട്ടിഷ് പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. ഫിൻലൻഡ് സ്വദേശിയായ ഹെയ്നി വാഥെൻ ആണ് അൽ ഫയാദിന്റെ ഭാര്യ. ദോദിയെക്കൂടാതെ 5 മക്കളുണ്ട്. ലണ്ടൻ സെൻട്രൽ മോസ്കിൽ നടന്ന ശുശ്രൂഷകൾക്കു ശേഷം മകൻ ദോദിയുടെ കബറിടത്തിനരികിൽ അൽ ഫയാദിനെ കബറടക്കി.
ഡയാനയുമായുള്ള അടുപ്പം
1980 കളിൽ ഹാരോഡ്സിലെ നിത്യസന്ദർശകയായിരുന്ന ഡയാന, 1986 ജൂലൈയിൽ ഹാരോഡ്സ് സ്പോൺസർ ചെയ്ത ഒരു പോളോ ടൂർണമെന്റിൽ വച്ചാണ് അൽ ഫയാദിനെയും മകൻ ദോദിയെയും പരിചയപ്പെടുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. 1997 മധ്യത്തിൽ ഡയാനയും മക്കളായ വില്യമും ഹാരിയും പാരിസിൽ അൽ ഫയാദിന്റെ അതിഥികളായി.
ഓഗസ്റ്റ് 30ന് ദോദിയോടൊപ്പം റിറ്റ്സ് ഹോട്ടലിൽ അത്താഴത്തിനെത്തുമ്പോൾ പപ്പരാസി ഫോട്ടോഗ്രഫർമാർ ശല്യം ചെയ്തതിനെത്തുടർന്ന് അമിതവേഗത്തൽ പാഞ്ഞ കാറിൽ സഞ്ചരിക്കുമ്പോഴാണ് ദോദിയും ഡയാനയും അപകടത്തിൽപെട്ടത്. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ ആസൂത്രണം ചെയ്ത് ബ്രിട്ടിഷ് രഹസ്യാന്വേഷണ സംഘടനയായ എംഐ6 നടപ്പാക്കിയതാണ് ആ അപകടം എന്നാരോപിച്ച അൽ ഫയാദ്, മരണസമയത്ത് ഡയാന ഗർഭിണിയായിരുന്നു എന്നുൾപ്പെടെയുള്ള വിവാദ വെളിപ്പെടുത്തലുകളും നടത്തി.
English Summary : Mohamed Al Fayed passed away