മംഗോളിയയിലെ ചെറിയ വിശ്വാസിസമൂഹത്തിന് മാർപാപ്പയുടെ വലിയ നന്ദി
Mail This Article
ഉലാൻബാത്തർ ∙ മംഗോളിയക്കാർ ഐസ് ഹോക്കി കളിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനയർപ്പണം. രാജ്യത്ത് ആകെയുള്ള 1450 വിശ്വാസികളും മാർപാപ്പയ്ക്കൊപ്പം തലസ്ഥാനമായ ഉലാൻബാത്തറിലെ സ്റ്റെപ് എറീന സ്റ്റേഡിയത്തിൽ ഒത്തുകൂടിയതോടെ കുർബാന ചരിത്രമുഹൂർത്തമായി.
മംഗോളിയയുടെ നാടോടി സംസ്കാരത്തിൽനിന്നുള്ള ബിംബങ്ങൾ കടമെടുത്തുള്ളതായിരുന്നു രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയുടെ പ്രസംഗം. ‘നാമെല്ലാം നാടോടികൾ, സന്തോഷം തേടുന്ന തീർഥാടകർ, സ്നേഹദാഹികളായ സഞ്ചാരികൾ’ – മാർപാപ്പ പറഞ്ഞു. ‘ബയ്ർശ’ എന്നു മംഗോളിയൻ ഭാഷയിൽ നന്ദിയർപ്പിച്ച മാർപാപ്പ, മംഗോളിയയിലെ ചെറു വിശ്വാസിസമൂഹത്തിന് തന്റെ ഹൃദയത്തിൽ എപ്പോഴും വലിയ സ്ഥാനമാണെന്നും കൂട്ടിച്ചേർത്തു.
റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള മംഗോളിയയിൽ 33 ലക്ഷം വരുന്ന ജനസംഖ്യയുടെ 53% ബുദ്ധമത വിശ്വാസികളാണ്. എയ്ഡ് ടു ദ് ചർച്ച് ഇൻ നീഡ് എന്ന കത്തോലിക്കാ സംഘടനയുടെ കണക്കനുസരിച്ച് മംഗോളിയയിലെ ക്രിസ്ത്യാനികൾ 2% മാത്രം. ഇടവകകൾ ഏറെയും തലസ്ഥാനത്തു തന്നെയാണെങ്കിലും 30 അംഗങ്ങളുള്ള ഒരു ഇടവക മാത്രം വിദൂരമായ ഒരിടത്താണ്. അവരും ഇന്നലെ കുർബാനയ്ക്കെത്തി.
ചടങ്ങിൽ ഒട്ടേറെ ബുദ്ധസന്യാസിമാരും മുസ്‌ലിം, ജൂത, ഹിന്ദു പ്രതിനിധികളുൾപ്പെടെയുള്ളവരും പങ്കെടുത്തു. നേരത്തേ നടന്ന സർവമത യോഗത്തിൽ ജ്ഞാനികൾക്ക് ദാനം ആനന്ദമാണെന്ന ബുദ്ധ സന്ദേശം ക്രിസ്തുവചനവുമായി ചേർത്തുവച്ച മാർപാപ്പ, ചൈനയിലെ കത്തോലിക്കാ വിശ്വാസികളോട് നിർഭയരായി മുന്നേറാൻ കുർബാനയ്ക്കു ശേഷം ആഹ്വാനം ചെയ്തു. ചൈനയിലെ ഷിൻജിയാങ്ങിൽനിന്നുള്ള ചെറിയൊരു സംഘം കുർബാനയ്ക്ക് എത്തിയിരുന്നു. ഹോങ്കോങ്ങിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗവും സന്നിഹിതനായിരുന്നു. സഭയുടെ ജീവകാരുണ്യ കേന്ദ്രവും ആശുപത്രിയും ഉദ്ഘാടനം ചെയ്തശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്നു വത്തിക്കാനിലേക്കു മടങ്ങും.
English Summary: Pope Francis in Mongolia