ഒളിഞ്ഞും തെളിഞ്ഞും ചെന്താരകങ്ങൾ; ചൈനയിൽ അപ്രത്യക്ഷരായ പ്രമുഖർ
Mail This Article
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചൈനയിൽ പെട്ടെന്ന് അപ്രത്യക്ഷരായ പ്രമുഖർ. ഇവരിൽ ചിലർ പിന്നീട് തിരികെയെത്തി
∙ പെങ് ഷുവാ
പ്രമുഖ ടെന്നിസ് താരമായ പെങ് ഷുവാ, മുൻ വൈസ് പ്രസിഡന്റിനെതിരെ സമൂഹമാധ്യത്തിലൂടെ ലൈംഗികപീഡനാരോപണം ഉന്നയിച്ചതിനു പിന്നാലെ 2021 നവംബറിൽ പൊതുരംഗത്തു നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷയായി. തടവിലാണെന്ന് അഭ്യൂഹമുയർന്നപ്പോൾ താൻ വീട്ടിലാണെന്നും സ്വതന്ത്രയാണെന്നും തെളിയിക്കുന്ന ചിത്രങ്ങളുമായി സർക്കാർ മാധ്യമങ്ങളിലൂടെ പെങ്ങിന്റെ പ്രസ്താവനകൾ വന്നു. ലൈംഗിക പീഡനാരോപണവും പിൻവലിച്ചു.
∙ അയ് വെയ്‌വെ
ചൈനീസ് സർക്കാരിന്റെ മുഖ്യവിമർശകരിലൊരാളായിരുന്ന അയ് വെയ്‌വെ ചിത്രകാരനും ശിൽപിയും ചലച്ചിത്രകാരനുമാണ്. ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്ന അദ്ദേഹത്തെ 2011 ൽ ബെയ്ജിങ്ങിൽ വച്ച് അറസ്റ്റ് ചെയ്തു. 81 ദിവസം അദ്ദേഹം രഹസ്യതടവിലായിരുന്നു. 2015 വരെ അദ്ദേഹത്തിന്റെ പാസ്പോർട്ടും യാത്രാരേഖകളും സർക്കാർ തടഞ്ഞുവച്ചു. തുടർന്ന് അദ്ദേഹം ജർമനിയിലേക്കും അവിടെ നിന്ന് പോർചുഗലിലേക്കും കുടിയേറി.
∙ ചൗ വെയ്
ചലച്ചിത്രനടിയും പോപ് താരവും കോടീശ്വരിയുമായ ചൗ വെയുടെ ഓൺലൈൻ സാന്നിധ്യമാണ് സർക്കാർ തുടച്ചുനീക്കിയത്. 2021 ഓഗസ്റ്റ് 27ന് ചൗ വെ അഭിനയിച്ച എല്ലാ സിനിമകളും ടിവി പരമ്പരകളും സമൂഹമാധ്യമ അക്കൗണ്ടുകളും സർക്കാർ ഓൺലൈനിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഓഗസ്റ്റ് അവസാനം ചൗ ചൈന വിട്ടെന്ന് അഭ്യൂഹമുയർന്നെങ്കിലും താൻ ചൈനയിൽ തന്നെയുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. വീട്ടുതടങ്കലിലാണെന്നാണ് അഭ്യൂഹം.
∙ മെങ് ഹോങ്‌വെയ്
ഇന്റർപോൾ മേധാവിയായിരുന്ന മെങ് ഹോങ്‌വെയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ് അപ്രത്യക്ഷനായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ സ്വാധീനമുണ്ടായിരുന്ന മെങ് 2018 ൽ ചൈന സന്ദർശനത്തിനിടെയാണ് അപ്രത്യക്ഷനായത്. തുടർന്ന് അദ്ദേഹത്തെ ഇന്റർപോൾ പദവിയിൽ നിന്നും നീക്കി. 2020 ൽ കൈക്കൂലിക്കേസിൽ അദ്ദേഹത്തെ 13 വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഫ്രാൻസിൽ അഭയം തേടി.
∙ ജാക്ക് മാ
ആലിബാബ കമ്പനിയുടെ സ്ഥാപകനായ ജാക്ക് മാ ആണ് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷരായവരിൽ പ്രമുഖൻ. കുത്തകവിരുദ്ധ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിനെതിരെ സർക്കാർ നടപടി ആരംഭിച്ചതിനെത്തുടർന്നാണ് ജാക്ക് മാ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്. സർക്കാരിന്റെ നടപടികളെ വിമർശിച്ചതിനു പിന്നാലെയായിരുന്നു തിരോധാനം. പിന്നീട്, വിവിധ രാജ്യങ്ങളിൽ കണ്ട ജാക്ക് മാ ഈ വർഷം ചൈനയിൽ തിരികെയെത്തി.
English Summary: Celebrities who disappeared in China