എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ് : ശത്രുറോക്കറ്റ് തകർക്കാൻ ഇസ്രയേലിന്റെ സുരക്ഷാമേലാപ്പ്
Mail This Article
ആദ്യത്തെ ടെലിവിഷൻ യുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന 1991ലെ ഗൾഫ് യുദ്ധം നിരീക്ഷിച്ചിരുന്നവർ സദ്ദാം ഹുസൈന്റെ സ്കഡ് മിസൈലുകൾ ഓർക്കുന്നുണ്ടാവും. ഹ്രസ്വദൂരശേഷിയുള്ള ഈ മിസൈലുകളായിരുന്നു യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ ശത്രുപാളയങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാഖ് സൈന്യം അയച്ചുകൊണ്ടിരുന്നത്.
സ്കഡിനെ തടയാൻ അമേരിക്ക ഗൾഫ് രാജ്യങ്ങൾക്കും ഇസ്രയേലിനും പേട്രിയട്ട് മിസൈൽവേധ സംവിധാനം നൽകിയെങ്കിലും അതത്ര ഫലപ്രദമായില്ലെന്നാണു പിന്നീടു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. സ്കഡ് ഒരു സൈനികഭീഷണിയായില്ലെങ്കിലും സാധാരണ ജനങ്ങളിൽ അതു ഭീതിയുളവാക്കി. ആ ഭീതിയിൽ നിന്നാണ് അയൺ ഡൂമിന്റെ ജനനമെന്നു പറയാം.
ശത്രുസൈന്യങ്ങളുടെ പക്കലുള്ള അതീവ പ്രഹരശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെക്കാൾ സാധാരണ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതു ഹ്രസ്വദൂര മിസൈലുകളും പീരങ്കിപ്പട ഉപയോഗിക്കുന്ന റോക്കറ്റുകളുമാണെന്ന് ഇസ്രയേൽ കൃത്യമായി കണക്കുകൂട്ടി. തങ്ങളോടു പോരാടുന്ന സായുധസംഘങ്ങൾ ഹൈടെക് മിസൈലുകളെക്കാൾ ഹ്രസ്വദൂര റോക്കറ്റുകളാകും ഉപയോഗിക്കാൻ സാധ്യതയെന്നും അവർ മുൻകൂട്ടിക്കണ്ടു. അതനുസരിച്ചാണു ഹ്രസ്വദൂര റോക്കറ്റുകളെയും പീരങ്കിഷെല്ലുകളെയും തടയാനുള്ള റഡാർ മിസൈൽ സംവിധാനം അവർ വികസിപ്പിച്ചെടുത്ത് അയേൺ ഡോം അഥവാ ഉരുക്കു താഴികക്കുടം എന്ന് പേരിട്ടത്.
തൊണ്ണൂറുകളിൽ വികസനം ആരംഭിച്ചെങ്കിലും 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഇതു വിന്യസിക്കാൻ ഭരണകൂടം അനുമതി നൽകിയത്. അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു പറഞ്ഞിട്ടില്ല. ഗാസയിൽ നിന്നാണു ഹമാസ് ആക്രമണം എന്നതിനാൽ ആ പ്രദേശത്താണു പ്രധാനമായും വിന്യസിച്ചിരിക്കുന്നത്.
ശത്രു റോക്കറ്റ് വിക്ഷേപിക്കുകയോ പീരങ്കി വെടി ഉതിർക്കുകയോ ചെയ്താൽ അത് അയേൺ ഡോം ശൃംഖലയുടെ റഡാർ കണ്ണുകളിൽ പെടും. വിവരം ഉടൻ അതിനോടു ബന്ധപ്പെട്ടുള്ള ആയുധനിയന്ത്രണ സംവിധാനത്തിലെത്തും. പറന്നുവരുന്ന റോക്കറ്റിന്റയും പീരങ്കിഷെല്ലിന്റെയും ലക്ഷ്യം നിരീക്ഷിച്ചു കണക്കുകൂട്ടി മിസൈൽ വിക്ഷേപണത്തിന് അനുമതി നൽകും. നിമിഷനേരത്തിനുള്ളിൽ മിസൈൽ കുതിച്ചെത്തി പറന്നുവരുന്ന റോക്കറ്റിനെ അല്ലെങ്കിൽ പീരങ്കിഷെല്ലിനെ തകർക്കും.
റോക്കറ്റുകൾ ഒറ്റയ്ക്കൊറ്റയ്ക്കല്ല വരുന്നത്. ഒരു വിക്ഷേപിണിയിൽനിന്നു മാത്രം ഒറ്റ ഫയറിംഗിൽ നാൽപ്പതോളം റോക്കറ്റുകൾ തീതുപ്പി പറക്കും. അങ്ങനെ ഡസൻ കണക്കിനു വിക്ഷേപിണികളിൽ നിന്നാണു നൂറുകണക്കിന് റോക്കറ്റുകൾ ഒരേ സമയം പറന്നുവരുന്നത്. ശനിയാഴ്ച പുലർച്ചെ ആക്രമണം ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ അയ്യായിരത്തോളം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ കുതിച്ചെത്തിയത്. ഇവ ഓരോന്നിനെയും ഒന്നൊന്നായാണ് കുഞ്ഞൻ മിസൈലുകൾ തകർക്കുന്നത്. ശത്രു അയയ്ക്കുന്ന റോക്കറ്റുകളിൽ 100–ൽ 96 എണ്ണവും തകർക്കാൻ കഴിയുന്നുണ്ടെന്നു തൊണ്ണൂറുകളിൽ ഇതിന്റെ വികസനത്തിനു തുടക്കം കുറിച്ച ബ്രിഗേഡിയർ ഡാനിയൽ ഗോൾഡ് മനോരമയോട് പറഞ്ഞു. ‘അന്നത്തേതിൽനിന്ന് ഇന്നത്തെ സംവിധാനം തിരിച്ചറിയാനാവാത്തവിധം മാറിക്കഴിഞ്ഞു. ഇന്നു കൃത്രിമബുദ്ധിയും റോബട്ടിക്സും ഉപയോഗിച്ചു പരിഷ്ക്കരിച്ചുകൊണ്ടിരിക്കയാണ്. അയേൺ ബീം (ഇരുമ്പു രശ്മി) എന്നു വിളിക്കുന്ന ലേസർ പ്രതിരോധസംവിധാനവും ഇതിൽ കൂട്ടിച്ചേർക്കാനും ശ്രമിക്കുന്നുണ്ട്’– അദ്ദേഹം വിശദീകരിച്ചു.