മഹ്സ അമിനിക്ക് സഖറോവ് മനുഷ്യാവകാശ പുരസ്കാരം
Mail This Article
ബ്രസൽസ് ∙ യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഏർപ്പെടുത്തിയ മനുഷ്യാവകാശത്തിനുള്ള ഉന്നത ബഹുമതിയായ സഖറോവ് പുരസ്കാരം ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമിനിക്കും ‘വുമെൻ, ലൈഫ്, ഫ്രീഡം’ വനിതാ പ്രസ്ഥാനത്തിനും നൽകും. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബർ 16നാണ് കൊല്ലപ്പെട്ടത്. അമിനിയുടെ മരണം ഇറാനിൽ വൻ പ്രക്ഷോഭം ഇളക്കിവിട്ടിരുന്നു. ‘വുമെൻ, ലൈഫ്, ഫ്രീഡം’ എന്ന ബാനറിലാണ് പ്രക്ഷോഭം തുടരുന്നത്. ഇതുവരെ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടു. 22000 പേരെ അറസ്റ്റ് ചെയ്തു.
തുല്യതയ്ക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവർക്കൊപ്പമാണ് യൂറോപ്യൻ പാർലമെന്റ് എന്ന് പ്രസിഡന്റ് റോബർട്ട് മെറ്റ്സോല പറഞ്ഞു. ഡിസംബർ 13ന് സമ്മാനദാനം നടത്തും. അരലക്ഷം യൂറോ ആണ് സമ്മാനത്തുക.
മനുഷ്യാവകാശങ്ങൾക്കും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കാനായി സോവിയറ്റ് വിമതനും ശാസ്ത്രജ്ഞനുമായ ആന്ദ്രേ സഖറോവിന്റെ പേരിൽ യൂറോപ്യൻ പാർലമെന്റ് 1988 ൽ ആരംഭിച്ചതാണ് സഖറോവ് പുരസ്കാരം. അസഹിഷ്ണുതയ്ക്കും മതതീവ്രവാദത്തിനുമെതിരെ പോരാടുന്ന വ്യക്തികൾക്ക് നൽകുന്നു. നൊബേൽ ജേതാവായ സഖറോവ് 1989 ലാണ് അന്തരിച്ചത്.