റഫാ അതിർത്തിയിൽ നേരിട്ടെത്തി ഗുട്ടെറസ്
Mail This Article
റഫാ (ഈജിപ്ത്) ∙ ‘‘ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങൾക്കു മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്’’ – റഫാ അതിർത്തിയിൽ മുടങ്ങിക്കിടക്കുന്ന ജീവകാരുണ്യ സഹായം ഗാസയിലേക്കു കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാർത്താസമ്മേളനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ. ‘‘ഈ ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.’’ മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിർത്തിയിലെത്തിയ ഗുട്ടെറസിനു മുന്നിൽ ഈജിപ്തിലെ പ്രതിഷേധക്കാർ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുയർത്തി.
ആദ്യഘട്ടമായി 20 ട്രക്കുകൾ കടത്തിവിടാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നു യുഎസ് പറയുന്നു. എന്നാൽ ഇപ്പോഴത്തെ സംഘർഷത്തിനു മുൻപ് പ്രതിദിനം അതിർത്തി കടന്നിരുന്നത് 450 ട്രക്കുകളാണ്. അതിനാൽതന്നെ 20 ട്രക്കുകൾ കടത്തിവിടാമെന്നു പറയുന്നത് ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്നു ഹമാസ് പറയുന്നു.
മുൻസംഘർഷങ്ങളുടെ കാലത്ത് ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം അതിർത്തി ക്രോസിങ് വഴിയും സഹായനീക്കം അനുവദിച്ചിരുന്നു. എന്നാൽ ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ ഇത് അനുവദിക്കില്ലെന്നാണ് ഇപ്പോൾ ഇസ്രയേലിന്റെ നിലപാട്.
ഇസ്രയേിലിന് സൈനികസഹായ നീക്കവുമായി യുഎസ്
രാജ്യാന്തര തലത്തിലെ മറ്റു സമാധാനശ്രമങ്ങൾക്കിടയിലും ഇസ്രയേലിനുള്ള യുഎസ് പിന്തുണ കൂടുതൽ വ്യക്തമാകുന്നുമുണ്ട്. 1430 കോടി ഡോളറിന്റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) സൈനികസഹായം ഇസ്രയേലിന് അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് കോൺഗ്രസിന്റെ അനുമതി തേടി.