നവാസ് ഷരീഫ് തിരിച്ചെത്തി; കറാച്ചിയിൽ വൻ റാലി
Mail This Article
ഇസ്ലാമാബാദ്∙ ലണ്ടനിലായിരുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നാട്ടിൽ തിരിച്ചെത്തി. ജനുവരിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പാർട്ടിക്കു നേതൃത്വം നൽകാനാണു ഷരീഫ് മടങ്ങിയെത്തിയത്. 3 തവണ പ്രധാനമന്ത്രിയായിരുന്ന ഷരീഫ് (73) അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരിക്കെയാണ് ചികിത്സയ്ക്കു വേണ്ടി 4 വർഷം മുൻപു ലണ്ടനിലേക്ക് പോയത്. തിരഞ്ഞെടുപ്പു ജയിച്ചാൽ ഷരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് വ്യക്തമാക്കിയിരുന്നു.
ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇസ്ലാമാബാദിലെത്തിയ നവാസ് ഷരീഫ് തുടർന്നു കറാച്ചിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാനായി യാത്രതിരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കുന്ന വൻ റാലിയാണ് ലഹോറിൽ പാർട്ടി സംഘടിപ്പിച്ചത്. സാമ്പത്തിക തകർച്ചയിലുള്ള രാജ്യത്തിന് പുതുജീവൻ നൽകാൻ നവാസ് ഷരീഫിനു കഴിയുമെന്ന പ്രചാരണമാണു പാർട്ടി നടത്തുന്നത്.
അരാജകാവസ്ഥയാണു രാജ്യത്തുള്ളതെന്നും അതു മാറ്റിയെടുക്കാൻ പാർട്ടിക്കു കഴിയുമെന്നും ദുബായിൽ നിന്ന് യാത്ര തിരിക്കും മുൻപ് നവാസ് ഷരീഫ് മാധ്യമങ്ങളോട് പറഞ്ഞു. അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ 7 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുമ്പോൾ 2019 ലാണ് കോടതിയുടെ അനുമതിയോടെ ചികിത്സയ്ക്ക് ലണ്ടനിലേക്കു പോയത്.
പാനമ പേപ്പേഴ്സ് കേസിൽ 2017 ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പൊതു ഭരണച്ചുമതലകൾ വഹിക്കുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതു മറികടക്കുന്നതിനായി കഴിഞ്ഞ ജൂണിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. അതേസമയം കോടതി ശിക്ഷിച്ച ‘ക്രിമിനലി’നെ നിയമങ്ങളെ നോക്കുകുത്തിയാക്കിയാണു തിരിച്ചുകൊണ്ടുവരുന്നതെന്ന് ഇമ്രാൻഖാൻ നേതൃത്വം നൽകുന്ന തെഹ്രികെ ഇൻസാഫ് പാർട്ടി ആരോപിച്ചു.