ആരോഗ്യസ്വാമി പോൾരാജിന് ഫാരഡെ മെഡൽ
Mail This Article
വാഷിങ്ടൻ ∙ സ്റ്റാൻഫഡ് സർവകലാശാലയിലെ ഇന്ത്യൻ വംശജനായ പ്രഫസർ ഇമെരിറ്റസ് ആരോഗ്യസ്വാമി പോൾരാജിന് വിഖ്യാതമായ ഫാരഡെ മെഡൽ ലഭിച്ചു. കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ മെഡൽ സമ്മാനിച്ചു.
4ജി, 5ജി മൊബൈൽ സാങ്കേതികവിദ്യ, വൈഫൈ തുടങ്ങിയവയുടെ നെടുംതൂണായ മിമോ വയർലെസിന്റെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം. എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും സമ്മാനിക്കുന്ന ഫാരഡെ മെഡൽ നേടുന്ന നൂറാമത്തെ വ്യക്തിയാണ് പോൾരാജ്. മൾട്ടിപ്പിൾ ഇൻ, മൾട്ടിപ്പിൾ ഔട്ട് എന്നാണ് മിമോയുടെ പൂർണരൂപം. കോടിക്കണക്കിനു സ്മാർട്‌ഫോൺ ഉപയോക്താക്കളെയും ഉപകരണങ്ങളെയും ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിൽ ഈ സാങ്കേതികവിദ്യ നിർണായകമാണ്.
1944ൽ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ജനിച്ച പോൾരാജ് പതിനാറാം വയസ്സിൽ ഇന്ത്യൻ നാവികസേനയിൽ ചേർന്നു. 25 വർഷത്തെ സേവനത്തിനുശേഷമാണു സ്റ്റാൻഫഡിലെത്തിയത്. മുങ്ങിക്കപ്പലുകളെ കണ്ടെത്തുന്ന സോണാർ സംവിധാനങ്ങൾക്കായുള്ള 2 ഇന്ത്യൻ ഗവേഷണ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിൽ 3 ദേശീയ ലബോറട്ടറികൾ സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 1992ൽ യുഎസ് പ്രതിരോധവകുപ്പിനായി നടത്തിയ ഗവേഷണത്തിലാണു പോൾരാജ് മിമോ യാഥാർഥ്യമാക്കിയത്.