ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നന്ദിനി ദാസിന്
Mail This Article
ലണ്ടൻ ∙ ഇന്ത്യൻ വംശജയായ നന്ദിനി ദാസ് രചിച്ച കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദ് ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകം ഈ വർഷത്തെ ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസർ ആണ് നന്ദിനി ദാസ് (49).
17–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യ ഇംഗ്ലിഷ് അംബാസഡറായ സർ തോമസ് റോയുടെ വരവോടെ ഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യം രൂപപ്പെട്ടതിന്റെ കഥ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതാണ് പുസ്തകം. ആഴത്തിലുള്ള ഗവേഷണം നടത്തി മനോഹരമായ ഭാഷയിൽ എഴുതിയ പുസ്തകം, മുഗൾ സാമ്രാജ്യത്തിന്റെ കയ്യിൽ നിന്ന് ഇന്ത്യ ബ്രിട്ടന്റെ കൈവശമെത്തിയതെങ്ങനെയെന്ന് വിവരിക്കുന്നതായി പുരസ്കാര നിർണയ സമിതി വിലയിരുത്തി.
കൊൽക്കത്ത ജാദവ്പുർ സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദം നേടിയ ശേഷം യുകെയിലെത്തിയ നന്ദിനി ദാസ് കേംബ്രിജിലെ ട്രിനിറ്റി കോളജിലാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്.
സാഹിത്യേതര രചനകൾക്ക് പുരസ്കാരം നൽകുന്ന ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് 2013 ലാണ് സ്ഥാപിതമായത്. രാജ്യാന്തര തലത്തിൽ സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന പുസ്തകങ്ങൾക്കാണ് അവാർഡ് നൽകുന്നത്.