ബ്രിട്ടനിൽ മന്ത്രിസഭാ അഴിച്ചുപണി; ബ്രേവർമാനു പകരം ക്ലെവർലി, വിദേശകാര്യം കാമറണിന്
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സ്യൂവല്ല ബ്രേവർമാനെ മാറ്റി പകരം വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിയെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ വാർഷികദിനമായിരുന്ന ശനിയാഴ്ച പലസ്തീൻ അനുകൂല റാലി നടത്താൻ അനുമതി നൽകിയതിന് മെട്രോപ്പൊലിറ്റൻ പൊലീസിനെ വിമർശിച്ച് ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനമാണ് ബ്രേവർമാന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ലേഖനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ച മാറ്റം വരുത്താൻ ബ്രേവർമാൻ തയാറായിരുന്നില്ല. മറ്റു മന്ത്രിമാർക്കു മാറ്റമില്ല.
ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ദിവസമാണ് ക്ലെവർലിയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത്. ഇന്നലെ നിശ്ചയിച്ചിരുന്ന ഈ കൂടിക്കാഴ്ചയുടെ ഭാവി വ്യക്തമല്ല. പുതിയ വിദേശകാര്യ സെക്രട്ടറി കാമറൺ 2010–16 ൽ പ്രധാനമന്ത്രി ആയിരുന്നു. നിലവിൽ എംപി അല്ലാത്ത അദ്ദേഹത്തിന് പ്രഭുസഭയിൽ അംഗത്വം ലഭിച്ചാലേ മന്ത്രിസ്ഥാനത്തു തുടരാനാവൂ.