81 പിന്നിട്ട് ജോ ബൈഡൻ; ജയസാധ്യതയിൽ ആശങ്ക
Mail This Article
വാഷിങ്ടൻ ∙ ഇന്നലെ 81 വയസ്സ് പൂർത്തിയാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകുമ്പോൾ ജയസാധ്യതകൾക്ക് പ്രായം മങ്ങലേൽപിക്കുമോ എന്ന് ആശങ്ക. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ. അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അദ്ദേഹം രണ്ടാമൂഴം പൂർത്തിയാക്കുമ്പോൾ 86 വയസ്സ് പിന്നിട്ടിരിക്കും. ഇതിനു മുൻപ് ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റെയ്ഗന് രണ്ടാം തവണ കാലാവധി പൂർത്തിയാക്കുമ്പോൾ 79 വയസ്സേ ഉണ്ടായിരുന്നുള്ളു.
ബൈഡന്റെ എതിരാളിയാകുമെന്നു കരുതപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപിന് ഇപ്പോൾ 77 വയസ്സുണ്ട്. സെപ്റ്റംബറിൽ നടന്ന സർവേയിൽ 65% ഡെമോക്രാറ്റുകളും ബൈഡന് പ്രായമേറിയെന്ന അഭിപ്രായക്കാരായിരുന്നു. ട്രംപിന്റെ പ്രായത്തിൽ ആശങ്കപ്പെട്ടവർ 56% മാത്രം. എന്നാൽ, മാനസികമായി കരുത്തനായ ട്രംപിനു പ്രായം പ്രശ്നമല്ലെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.