ഗ്രീസിൽ മുങ്ങിയ ചരക്കുകപ്പലിൽ 4 ഇന്ത്യക്കാർ, തിരച്ചിൽ തുടരുന്നു
Mail This Article
ന്യൂഡൽഹി ∙ ഗ്രീസിനടുത്ത് ലെബോസിൽ മുങ്ങിയ ചരക്കുകപ്പലിലെ 4 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെക്കുറിച്ചു വിവരങ്ങളില്ല. ഞായറാഴ്ച പുലർച്ചെയാണ് ഈജിപ്തിലെ ദെഖിലയിൽ നിന്ന് തുർക്കിയിലെ ഇസ്തംബുളിലേക്കു പോവുകയായിരുന്ന കപ്പൽ മുങ്ങിയത്. ഇന്ത്യക്കാർക്കു പുറമേ 8 ഈജിപ്തുകാർ, 2 സിറിയക്കാർ എന്നിവരാണ് കപ്പലിലുണ്ടായിരുന്നത്.
പുലർച്ചെ സാങ്കേതിക തകരാറുണ്ടായതായി ക്യാപ്റ്റൻ സമീപത്തെ തുറമുഖത്ത് അറിയിച്ചിരുന്നു. ഒരു മണിക്കൂറിനു ശേഷം കപ്പൽ മുങ്ങുന്നതായും അറിയിച്ചു. 6000 ടൺ ഉപ്പായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ഗ്രീസ് നാവികസേനയും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഒരു ഈജിപ്ഷ്യൻ നാവികനെ മാത്രമാണ് രക്ഷപ്പെടുത്താനായത്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ തുടരുന്നതിനു തടസ്സമായതാണ് വിവരം. ഇന്ത്യക്കാർ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവരാണെന്ന വിവരം ലഭിച്ചിട്ടില്ല. തിരച്ചിൽ തുടരുന്നു.